‘ഇടതില്ലാതെ കേരളമുണ്ട് പിന്നെയല്ലേ ഇന്ത്യ, ആകെയുള്ളത് ആലത്തൂരിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രം’

ഇന്നലെയായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. കേരളത്തിൽ ഇരുപതിൽ പതിനെട്ട് സീറ്റും യു ഡി എഫിനാണ് ലഭിച്ചത്. ഒരോ സീറ്റ് വീതം എൽ ഡി എഫിനും എൻ ഡി എയ്ക്കും കിട്ടി. എൽ ഡി എഫിനാകട്ടെ ആലപ്പുഴയിലെ സിറ്റിംഗ് സീറ്റ് പോകുകയും ചെയ്തിരുന്നു.
മന്ത്രി കെ രാധാകൃഷ്ണൻ മത്സരിച്ച ആലത്തൂർ മാത്രമാണ് എൽ ഡി എഫിന് ലഭിച്ചത്. അന്തിമ ഫലം പുറത്തുവന്നതിന് പിന്നാലെ എൽ ഡി എഫിനെ ട്രോളിക്കൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ഇടതില്ലാതെ ഇന്ത്യയില്ലെന്ന സൈബർ സഖാക്കളുടെ മുദ്രാവാക്യം വച്ചുകൊണ്ടുതന്നെയാണ് ഹരീഷ് പേരടിയുടെ പരിഹാസം. ഇടതില്ലാതെ കേരളമുണ്ട്, പിന്നെയല്ലെ ഇന്ത്യ എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. വിജയിച്ച സ്ഥാനാർത്ഥികളുടെ ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
“ഇടതില്ലാതെ കേരളമുണ്ട്..പിന്നെയല്ലെ ഇന്ത്യാ …ആകെയുള്ളത് ആലത്തൂരിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം മാത്രം…പഠിക്കാനും പരിശോധിക്കാനുമൊന്നുമില്ല..ഇരുപത് മണ്ഡലങ്ങളിലും ചെന്ന് സാധാരണ മനുഷ്യരുടെ ജീവിതത്തെ വെറുതെ ഒന്ന് തൊട്ടുനോക്കിയാൽ മതി..അപ്പോൾ മനസ്സിലാവും കേരളത്തിന് നല്ല ജീവനുണ്ടെന്ന്..കരുത്താർന്ന രാഷ്ട്രിയബോധത്തിന്റെ ഉറച്ച നിലപാടുണ്ടെന്ന്..കേരളത്തിന്റെ ജനങ്ങളുടെ പ്രതിനിധികൾക്ക് അഭിവാദ്യങ്ങൾ.”- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിച്ചു. ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ ശക്തമായ പ്രതിപക്ഷം വേണം. ഏകപക്ഷീയമായ ഭരണം ജനങ്ങൾക്ക് ദുരിതമായി മാറും. ഇത്തവണ ജനങ്ങൾ ഇതിനെതിരെ പ്രതികരിച്ചു, അതാണ് ദേശീയതലത്തിൽ പ്രതിഫലിച്ചത്.സംസ്ഥാനസർക്കാരിനെ നിയക്കുന്നവർ ഇത് മനസിലാക്കി പ്രവർത്തിച്ചാൽ നല്ലത്. അല്ലെങ്കിൽ വരുന്ന നിയമസഭാതിരഞ്ഞെടുപ്പിലും ജനങ്ങൾ പ്രതികരിക്കാൻ നിർബന്ധിതരാകും. സംസ്ഥാന സർക്കാരിനെതിരെയുള്ള ജനവികാരവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link