KERALAMLATEST NEWS

ഗായികയുടെ കേൾവി നഷ്ടം, ആർക്കും വരാം

തിരുവനന്തപുരം: ഗായിക അൽക്ക യാഗ്നിക്കിന് അപ്രതീക്ഷിതമായി കേൾവി നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് ലോകം. എന്നാൽ,​ ഇത്തരമൊരു അവസ്ഥ ആർക്കും എപ്പോൾവേണമെങ്കിലും സംഭവിക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. സഡൻ സെൻസറി ന്യൂറൽ ഡെഫ്നസ് എന്ന അവസ്ഥയാണിത്.

ഇതു പൊതുവേ ഏതെങ്കിലും ഒരു ചെവിയെയാണ് ബാധിക്കുക. വളരെ അപൂർവമായി രണ്ടു ചെവിയെയും ബാധിക്കും. അൽക്കയുടെ രണ്ട് ചെവിയെയും ബാധിച്ചതായാണ് അറിയുന്നത്. ശബ്ദമലിനീകരണംമൂലം ചെവിയുടെ ക്ഷമത കുറയുന്നതും വൈറസ് ബാധയുമാണ് ഇത്തരം സാഹചര്യങ്ങളിൽ വില്ലനാകുന്നത്. കോക്ലിയയിൽ എത്തിയ ശബ്ദ തരംഗങ്ങൾ തലച്ചോറിലേക്ക് എത്താതിരിക്കുന്ന സാഹചര്യമാണ് സഡൻ സെൻസറി ന്യൂറൽ ഡെഫ്നസ്. ഇതിനുള്ള ഞരമ്പുകളിലാണ് തകരാർ സംഭവിക്കുന്നത്. പതിവായി ശബ്ദമലിനീകരണത്തിന് ഇരയാകുന്നവരുടെ ചെവിയുടെ ആന്തരിക ഭാഗങ്ങളുടെ ശേഷി കുറഞ്ഞുവരും. ഈ ഘട്ടത്തിൽ ശരീരത്തിലുണ്ടാകുന്ന ഏതൊരു അണുബാധയും കോക്ലിയ ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് കടന്നുവരും. ഇത് കേൾവി നഷ്ടമാക്കും. അപകടങ്ങൾ സംഭവിക്കുമ്പോൾ കോക്ലിയയിൽ നിന്നുള്ള ഞരമ്പുകൾ പൊട്ടുമ്പോഴും ഞരമ്പുകളിൽ ട്യൂമർ രൂപപ്പെടുമ്പോഴും ഇത്തരമൊരു അവസ്ഥയുണ്ടാകുമെന്ന്

ഡോ.ജോൺ പണിക്കർ ചൂണ്ടിക്കാട്ടുന്നു.

ശബ്ദമലിനീകരണവും വൈറസും വില്ലൻ

ലക്ഷണങ്ങൾ

ഇടയ്ക്കിടെ കേൾവിക്കുറവ്,ചെവിക്കുള്ളിൽ മൂളൽ,തലകറക്കം,ചെവിയ്ക്കുള്ളിൽ എന്തോ വീർത്തതുപോലുള്ള തോന്നൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ജലദോഷം ഉൾപ്പെടെയുള്ള വൈറൽ ഇൻഫെക്ഷനുകൾക്കു ശേഷമാകും ഇത് രൂക്ഷമാകുക. അതിനാൽ ലക്ഷണങ്ങളെ അവഗണിക്കാതെ

ഇ.എൻ.ടി ഡോക്ടറെ കണ്ട് ഇയർ ടെസ്റ്റ് നടത്തണം.

പ്രതിരോധം

1, അമിതശബ്ദമുള്ള സ്ഥലങ്ങളിൽ പതിവായി നിൽക്കരുത്. അല്ലെങ്കിൽ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണം

2, ഇയർ ഫോൺ പതിവായി ഉപയോഗിക്കരുത്. 10മിനിട്ട് ഉപയോഗിച്ചാൽ അഞ്ചുമിനിട്ടെങ്കിലും മാറ്റിവയ്ക്കണം

പരിഹാരം

ഭൂരിഭാഗം സഡൻ സെൻസറി ന്യൂറൽ ഡെഫ്നസ് കേസുകളും സ്റ്റിറോയ്ഡ് മരുന്നുകളിലൂടെ പരിഹരിക്കാം. അല്ലാത്ത സാഹചര്യത്തിൽ കോക്ലിയർ ഇംപ്ലാന്റേഷനിലൂടെ കേൾവി തിരിച്ചെടുക്കാം. അതു പക്ഷേ,​ സാധാരണയുള്ളതിന്റെയത്ര കാര്യക്ഷമമാകില്ല.

അമിത ശബ്ദവും ഇയർ ഫോണിന്റെ ഉപയോഗവും പരമാവധി കുറയ്ക്കണം. ചെവിയുടെ ക്ഷമത നിലനിറുത്തണം.

-ജോൺ പണിക്കർ,​

ചെയർമാൻ,​

നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ട്.


Source link

Related Articles

Back to top button