തിരുവനന്തപുരം: ആലത്തൂരിൽ നിന്നു ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണനു പകരം മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു രണ്ടാം പിണറായി മന്ത്രിസഭയിൽ അംഗമാകും. പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പാകും നൽകുക. സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് നാലിന് രാജ്ഭവൻ അങ്കണത്തിൽ. ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ ഓൺലൈനായി അംഗീകരിച്ചു.
രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും നൽകും. ഇന്നലെ രാവിലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് സംസ്ഥാന സമിതി അംഗീകാരം നൽകി.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാളെ സി.പി.എം ആദ്യമായാണ് മന്ത്രിയാക്കുന്നത്. ആദിവാസി വിഭാഗത്തിൽനിന്ന് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായ പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് കേളു നിയമസഭയിലെത്തിയത്. 2021ലും വിജയം ആവർത്തിച്ചു. വയനാട് ജില്ലയിൽനിന്നു സി.പി.എം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് കുറിച്യ സമുദായാംഗമായ കേളു. പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി ചെയർമാൻ, സി.പി.എമ്മിന്റെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് , കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.വയസ് 54. വീട്ടമ്മയായ പി.കെ.ശാന്തയാണ് ഭാര്യ. മക്കൾ: മിഥുന സി.കെ.(ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ബേഗൂർ റെയ്ഞ്ച്),സി.കെ.ഭാവന (വിദ്യാർത്ഥിനി).
Source link