സിനിമയുടെ വർണപ്പൊലിമയിൽ ഭ്രമിക്കാത്ത വ്യക്തി

സിനിമയുടെ വർണപ്പൊലിമയിൽ ഭ്രമിക്കാത്ത വ്യക്തി | AK Sajan Venugopan
സിനിമയുടെ വർണപ്പൊലിമയിൽ ഭ്രമിക്കാത്ത വ്യക്തി
എ.കെ. സാജൻ
Published: June 21 , 2024 02:27 PM IST
2 minute Read
എ.കെ. സാജൻ, വേണുഗോപൻ
അതിഭാവുകത്വമില്ലാത്ത, പച്ചയായ മനുഷ്യരിൽ അപൂർവം പച്ചയായ മനുഷ്യനായിരുന്നു സംവിധായകൻ വേണുഗോപൻ. സൗഹൃദങ്ങൾക്കു വലിയ വില നൽകിയ, അതിനുവേണ്ടി ജീവിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സൗഹൃദങ്ങൾക്കു വേണ്ടി പലതും നഷ്ടപ്പെടുത്തിയിട്ടുണ്ട് വേണുഗോപൻ. അയാൾക്കു മുൻപിൽ സിനിമയേക്കാൾ ഉപരി സൗഹൃദങ്ങളായിരുന്നു. പത്മരാജന്റെ അസോഷ്യേറ്റ് ആയിരുന്നു. അതിന്റെ എല്ലാ മൂല്യങ്ങളിലും വേണുവിലുണ്ടായിരുന്നു. എഴുത്തിലും രാഷ്ട്രീയത്തിലും നല്ല അവബോധമുള്ള ഒരു വ്യക്തി. ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നത് സിനിമ മാത്രമല്ല. പല സിനിമകളുടെ ചർച്ചകൾക്കായി അലുവ പാലസിൽ ഇരിക്കുമ്പോൾ പല കാര്യങ്ങൾ ചർച്ചയിൽ വരും. രാഷ്ട്രീയം, സാഹിത്യം, സംഗീതം തുടങ്ങിയവയെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ബോധ്യങ്ങളുണ്ടായിരുന്നു. പരന്ന വായനയുണ്ടായിരുന്ന വ്യക്തിയായിരുന്നു.
സൗഹൃദത്തിനു വേണ്ടി എന്തും ത്യജിക്കുന്ന കർണന്റെ ജന്മം പോലെ വേണുവിനെ പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമ പോലും സൗഹൃദത്തിന്റെ പേരിൽ വേണ്ടെന്നു വച്ചിട്ടുണ്ട്. ‘ആ സിനിമ ഞാൻ ചെയ്യാം’ എന്ന് ആരെങ്കിലും പറഞ്ഞാൽ, ‘എടുത്തോളൂ’ എന്നാകും അദ്ദേഹത്തിന്റെ മറുപടി. വലിയ പ്ലോട്ടുകൾ പറയും. അതു വലിയ ക്യാൻവാസിൽ സിനിമയെടുക്കണമെന്നു പറയും. പക്ഷേ, ഇപ്പോഴത്തെ നായകന്മാർക്ക് അത്തരം വിഷയങ്ങളോട് എത്രത്തോളം താൽപര്യമുണ്ടെന്ന് അറിയില്ല. സാഹിത്യത്തോടു ചേർന്നു നിൽക്കുന്ന തിരക്കഥ അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. സിനിമയിലേക്ക് സാഹിത്യത്തെ തിരിച്ചു കൊണ്ടു വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനു വേണ്ടി വേണു കുറെ ജീവിതം കളഞ്ഞു.
ജയറാമുമായി സഹോദരതുല്യമായ ബന്ധമുണ്ടായിരുന്നു. എന്തു കഥ പറഞ്ഞാലും അതു ജയറാമിലേക്ക് മാറ്റുന്നത് പതിവായിരുന്നു. ജയറാമിനെ വിട്ടൊരു സിനിമാ ആലോചന തന്നെ പണ്ട് ഉണ്ടായിരുന്നില്ല. ഞാൻ വേണുവിന്റെ കൂടെ ചെയ്ത ‘ഷാർജ ടു ഷാർജ’ മുൻപ് മറ്റൊരു ആർടിസ്റ്റിനു വേണ്ടി ആലോചിച്ചതാണ്. പിന്നീടാണ് അതിലേക്ക് ജയറാം വരുന്നത്. വലിയൊരു ആത്മബന്ധം അവർ തമ്മിലുണ്ടായിരുന്നു. പത്മരാജന്റെ എല്ലാ സിനിമകളെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നു വേണുവിന്. പത്മരാജന്റെ അകാല മരണം വേണുവിനെ വല്ലാതെ ബാധിച്ചിരുന്നു. വേണുവിന് പത്മരാജൻ ഗുരുതുല്യനായിരുന്നു. അതുപോലെ ബ്ലെസിയോട് ഒരു അനുജനോടെന്ന പോലെയൊരു വാൽസല്യം സൂക്ഷിച്ചിരുന്നു. ‘പത്മരാജൻ സ്കൂൾ’ എന്ന മേൽവിലാസത്തിൽ വളരെയേറെ അഭിമാനം കൊണ്ടിരുന്ന വ്യക്തിയായിരുന്നു. പപ്പേട്ടന് ഒരു പേരുദോഷം ഉണ്ടാകരുതെന്ന നിർബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷേ, പലപ്പോഴും ഒത്തുതീർപ്പുകൾക്ക് വഴങ്ങേണ്ടി വന്നത് സൗഹൃദത്തിന്റെ പേരിലായിരുന്നു. ഒരു നിർമാതാവിനെ നഷ്ടപ്പെടുത്തില്ല. അയാളുടെ വിഷമങ്ങളിൽ സങ്കടം വരുന്ന മനുഷ്യൻ! കഴിവില്ലാത്ത ഒരാൾ അവസരം ചോദിച്ചു വന്നാലും അനുഭാവപൂർവം പരിഗണിക്കും. ഇല്ല എന്നു പറയാൻ മനസ് അനുവദിക്കില്ല.
സിനിമയുടെ വർണപ്പൊലിമയിലേക്ക് ഒരുതരത്തിലും സ്വയം മാറാത്ത വ്യക്തിയായിരുന്നു വേണു. ബോധപൂർവം മാറാതിരുന്ന മനുഷ്യനായിരുന്നു എന്നു വേണം പറയാൻ. സാധാരണക്കാരുടെ പല അത്യാവശ്യങ്ങളും വേണുവിന് ആർഭാടമായിരുന്നു. സിനിമയുടെ പുതിയകാല വ്യാകരണത്തിലേക്ക് സമരസപ്പെടാതെ തന്നെ പഴയൊരു ചലച്ചിത്രമൂല്യം സൂക്ഷിക്കുന്ന കഥാമൂല്യമുള്ള സിനിമകൾ വേണമെന്നു ശഠിച്ചിരുന്ന വേണു, ആ ചിന്താധാരയിൽ തന്നെ ഉറച്ചു നിന്നു. അതിനു പറ്റുന്ന കഥകളാണ് അദ്ദേഹം അന്വേഷിച്ചിരുന്നത്.
സിനിമയുടെ രീതിയിൽ അഭിനയിക്കാൻ അറിയാത്ത വ്യക്തിയായിരുന്നു വേണു. അതുകൊണ്ടു മാത്രം പലയിടത്തും അദ്ദേഹം പരാജയപ്പെട്ടു. സിനിമാക്കാരുടെ ജാഡകൾ ഇല്ല. ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ആർഭാടം പോലും അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. ചേർത്തലയിൽ നിന്ന് ബസിലാണ് എല്ലായ്പ്പോഴും കൊച്ചിയിൽ വരിക. അങ്ങനെയുള്ള ആളുകൾ സിനിമയിൽ കുറഞ്ഞു വരികയാണ്. അത്തരം ആളുകളിലെ അവസാന കണ്ണികളിലൊരാളായിരുന്ന വേണു. നല്ല കേൾവിക്കാരൻ, കഥ പറച്ചിലുകാരന്റെ മനസുള്ള ആൾ. വേണുവിന്റെ ജീവിതം തന്നെ ഒരു കഥയാണ്. ഒരു ചിരിയോടു കൂടിയാണ് സംസാരിക്കുക.
അവസാന കാലഘട്ടത്തിൽ സിനിമ പലപ്പോഴും നടക്കാതെ പോയി. സിനിമ എപ്പോഴും യുവത്വത്തിനൊപ്പം സഞ്ചരിക്കുന്ന ഒന്നാണ്. സിനിമയിൽ പുതിയ തലമുറ വരുമ്പോൾ തൊട്ടുമുൻപിലുണ്ടായിരുന്ന തലമുറയിലെ ആളുകളോട് ആദരവു കലർന്നൊരു അകൽച ഉണ്ടാകും. അവരുടേതായ ബലഹീനതകളെ സീനിയേഴ്സ് അറിയണ്ട എന്നു കരുതിയിട്ടാകും. അത് അനിവാര്യമായ മാറ്റമാണ്. പലതരം തന്ത്രങ്ങൾ കൊണ്ട് അതിനെ തരണം ചെയ്യുന്നവരുണ്ട്. വേണു അത്തരം തന്ത്രങ്ങൾക്ക് നിന്നു കൊടുത്തില്ല. ഞാനൊരു പഴയ ആളാണെന്നു പറഞ്ഞുകൊണ്ടു തന്നെയാണ് സംസാരിക്കുക. അല്ലാതെ, ഇന്നലെ വന്ന പുതിയ ആളാണെന്നു പറഞ്ഞ് എവിടെയും കയറിച്ചെല്ലാറില്ല. ഒരു ഹെഡ്മാസ്റ്ററെ പോലെ സംസാരിക്കുന്ന ആളാണ്. അതൊരു ക്വാളിറ്റിയാണ്. വേണുവിന് കാൻസറായിരുന്നു. നാലഞ്ചു വർഷമായി. അതുകൊണ്ട്, സിനിമയിൽ നിന്ന് ഉൾവലിഞ്ഞു. അസുഖബാധിതൻ അല്ലായിരുന്നെങ്കിൽ സിനിമയുടെ പരിസരങ്ങളിൽ അദ്ദേഹം ഉണ്ടാകുമായിരുന്നു. അസുഖം ഭേദമായി സിനിമയിൽ തിരച്ചെത്തുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അതു നടന്നില്ല. പരിചയപ്പെട്ട ആരും ഒരിക്കലും വേണുവിനെ മറക്കില്ല.
English Summary:
AK Sajan remembering director Venugopan
7rmhshc601rd4u1rlqhkve1umi-list mo-celebrity-celebritydeath mo-entertainment-common-malayalammovienews 2v0msj1c3gbs8hh4vgfngh783q f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link