ഇനി മത്സരിക്കണോ മാറി നിൽക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി; എന്റെ ചോയിസ് എപ്പോഴും വട്ടിയൂർക്കാവ്

തിരുവനന്തപുരം: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വയനാട്ടിൽ പ്രിയങ്കയ്‌ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വട്ടിയൂർക്കാവ് സ്വന്തം കുടുംബം പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാൻ വടകര എം പിയായിരിക്കുമ്പോഴും ആഴ്ചയിൽ രണ്ട് തവണ വട്ടിയൂർക്കാവിൽ വരാറുണ്ടായിരുന്നു. ഇപ്പോൾ ഔദ്യോഗിക സ്ഥാനങ്ങളൊന്നും എനിക്കില്ല, അതിനാൽത്തന്നെ വട്ടിയൂർക്കാവിൽ സജീവമായിട്ടുണ്ടാകും. സ്വന്തം ഇഷ്ടപ്രകാരമല്ല വട്ടിയൂർക്കാവ് വിട്ടുപോയത്. പാർട്ടി പറഞ്ഞിട്ട് വടകര പോയി. അവിടെ നിന്ന് തൃശൂരിലേക്ക് മാറാൻ പറഞ്ഞു, മാറി. തോൽവിയുണ്ടായി. ഇനിയുള്ള ഒന്നുരണ്ട് വർഷക്കാലം വട്ടിയൂർക്കാവിൽ ഉണ്ടാകും.’- മുരളീധരൻ വ്യക്തമാക്കി.

അടുത്ത തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി. ‘മത്സരിക്കണോ, മാറി നിൽക്കണോ, എവിടെ മത്സരിക്കണം എന്നൊക്കെ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പക്ഷേ എന്റെ ചോയിസ് എപ്പോഴും വട്ടിയൂർക്കാവ് ആണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോൾ സജീവമായി ഇറങ്ങും. അതിനുമുമ്പ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ വരുമ്പോൾ അവർക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങും’- അദ്ദേഹം പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുരളീധരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അവിടെ മത്സരിക്കാൻ ധാരാളം ചെറുപ്പക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടതിന് പിന്നാലെ പൊതുപ്രവർത്തന രംഗത്ത് നിന്ന് തൽക്കാലത്തേയ്ക്ക് വിട്ടുനിൽക്കുകയാണെന്നും ഇനി മത്സരിക്കാനില്ലെന്നും കെ മുരളീധരൻ പ്രഖ്യാപിച്ചിരുന്നു.


Source link

Exit mobile version