ഒട്ടാവ: കനേഡിയൻ സർക്കാർ ഇറാനിലെ വിപ്ലവഗാർഡുകളെ ഭീകരസംഘടനയായി മുദ്രകുത്തി. ആഗോള തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടാണ് ഈ നടപടിയെന്നു കനേഡിയൻ ആഭ്യന്തരമന്ത്രി ഡൊമിനിക് ലെബ്ലാങ്ക് അറിയിച്ചു. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ്യുടെ കീഴിൽ സൈനിക, രാഷ്ട്രീയ, സാന്പത്തിക ശക്തിയായി പ്രവർത്തിക്കുന്ന വിപ്ലവഗാർഡിനെ അമേരിക്ക 2019ൽ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. സ്വന്തമായി കര, നാവിക, വ്യോമ വിഭാഗങ്ങളുള്ള ഇതിൽ 1.9 ലക്ഷം പേർ അംഗങ്ങളാണ്. പശ്ചിമേഷ്യയിലെ വിവിധ ഗ്രൂപ്പുകൾക്ക് ആയുധവും പണവും സാങ്കേതികവിദ്യയും നല്കി അസ്ഥിരത വിതയ്ക്കുന്നതായും ആരോപിക്കപ്പെടുന്നു. വിപ്ലവഗാർഡിലെ വിദേശ ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്ന ഖുദ്സ് ഫോഴ്സിനെ കാനഡ നേരത്തേ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴത്തെ നടപടിയോടെ വിപ്ലവഗാർഡുമായി ബന്ധമുള്ള മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥർക്കു കാനഡ സന്ദർശിക്കുന്നതിനു വിലക്കുണ്ടാകും. കാനഡയിൽ നിലവിലുള്ള ഉദ്യോഗസ്ഥർ അന്വേഷണം നേരിടുകയോ പുറത്താക്കപ്പെടുകയോ ചെയ്യും. കനേഡിയൻ നടപടിയെ ഇറേനിയൻ വിദേശകാര്യമന്ത്രാലയം അപലപിച്ചു. ഇറേനിയൻ ഭരണകൂടം പ്രതികാരത്തിനു മുതിരാമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനീ ജോയ് മുന്നറിയിപ്പു നല്കി. ഇറാനിലുള്ള കനേഡിയൻ പൗരന്മാർ അറസ്റ്റിലാകാൻ സാധ്യതയുണ്ട്. കാനഡക്കാർ ഇറാനിലേക്കു പോകരുതെന്നും മന്ത്രി ഉപദേശിച്ചു.
Source link