കൊച്ചി: ശബരിമല വിമാനത്താവളം പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. ഹെെക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ അറിയിച്ചു. നിലവിലെ വിജ്ഞാപനം നേരത്തെ ഹെെക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നിലപാട്. ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹെെക്കോടതി വിജ്ഞാപനം സ്റ്റേ ചെയ്തത്.
441 കൈവശക്കാരുടെ പക്കലുള്ള 1000.28 ഹെക്ടർ സ്ഥലം ഏറ്റെടുക്കാൻ മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തെളിവെടുപ്പ് ജോലികൾ ആരംഭിച്ചതോടെ സാമൂഹികാഘാത പഠനവും, ഭൂമിയുടെ ഉടമസ്ഥാവകാശ നിർണയവും ചട്ടവിരുദ്ധമാണെന്ന് കാട്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ ഏപ്രിൽ 24 നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തുടർനടപടികൾ സ്റ്റേ ചെയ്തത്. സാമൂഹിക ആഘാത പഠനം നടത്തിയത് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് ആണ്. ഇത് സർക്കാരിന് കീഴിലുള്ള ഏജൻസിയാണെന്നും കേന്ദ്ര-സംസ്ഥാന ചട്ടങ്ങൾക്ക് വിരുദ്ധമാണിതെന്നും ഹർജിക്കാർ കുറ്റപ്പെടുത്തി.ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്ക് എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്.
2570 ഏക്കർ ഭൂമിയേറ്റെടുക്കാനുള്ള നടപടികൾ തുടങ്ങിയതോടെ മൂന്നുവർഷം കൊണ്ട് വിമാനത്താവളം യാഥാർത്ഥ്യമാകുമെന്നായിരുന്നു പ്രതീക്ഷ. പ്രദേശം വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയവും റിപ്പോർട്ട് നൽകിയിരുന്നു.
Source link