KERALAMLATEST NEWS

സംസ്ഥാനത്ത് വരാൻ പോകുന്നത് അതിശക്തമായ മഴ, ഒമ്പത് ജില്ലക്കാർ പ്രത്യേക ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്‌ച കനത്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളിലാണ് ഞായറാഴ്‌ച മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിൽ ശനിയാഴ്‌ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് രാവിലെ നൽകിയ മുന്നറിയിപ്പ്. മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. റായലസീമക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്.

ജൂൺ 21, 22 തീയതികളിൽ കേരളാ തീരത്തും പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ തീരത്തും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായി ജൂൺ 21, 22 തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്കും ജൂൺ 18 മുതൽ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. അതേസമയം, തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും സഞ്ചാരികൾ പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.


Source link

Related Articles

Back to top button