KERALAMLATEST NEWS

250 കിലോ മീറ്ററിൽ കുതിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിൻ ട്രാക്കിലിറക്കാൻ എത്ര കോടികൾ ചെലവാകും, കണക്കുകൾ പുറത്ത്

അഹമ്മദാബാദ്: രാജ്യം കാത്തിരിക്കുന്ന ഏറ്റവും വമ്പൻ ഗതാഗത പ്രോജക്‌ടാണ് വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിൻ പദ്ധതി. 508 കിലോമീറ്ററിൽ 12 സ്റ്റോപ്പുകളുമായി 250 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകാൻ ആദ്യം 1.08 ലക്ഷം കോടിയാണ് ചിലവ് പ്രതീക്ഷിച്ചിരുന്നത്. പിന്നീട് പദ്ധതിത്തുക 1.64 ലക്ഷം കോടിയായി ഉയർന്നു. ഇപ്പോഴിതാ പുതിയ കണക്കുകൂട്ടൽ പ്രകാരം രണ്ട് ലക്ഷം കോടിയാണ് ചിലവ് വരികയെന്നാണ് പറയപ്പെടുന്നത്. ആദ്യഘട്ട കണക്കുകൂട്ടലിൽ 10 കോച്ചുകളുള്ള ഒരു ബുള്ളറ്റ് ട്രെയിനിന് 389 മുതൽ 398 കോടി വരെ ചിലവ് വരും എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോഴത് 460 കോടിയായി ഉയർന്നിരിക്കുകയാണ്.

വന്ദേ ഭാരത് പ്ളാറ്റ്ഫോമിൽ നിർമ്മിക്കുന്ന ട്രെയിനിന് 2018ൽ കണക്കുകൂട്ടിയതിലും വളരെയധികം ചിലവ് ഇപ്പോൾ കൂടി എന്ന് സാരം. ഇതോടെ ഇന്ത്യയ്‌‌ക്ക് വന്ദേ ഭാരത് ബുള്ളറ്റ് ട്രെയിനുകൾ വലിയ ബാദ്ധ്യതയാകും എന്ന് കോൺഗ്രസടക്കം ആരോപണവും ഉന്നയിച്ചിട്ടുണ്ട്. മുംബയ്- അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിലാകും ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുക. 2026 ഓഗസ്റ്റോടെ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.

ആദ്യ സർവീസ് ഗുജറാത്തിലെ സൂറത്ത് മുതൽ ബിലിമോറ വരെയാകും. പദ്ധതിയുടെ നിർമ്മാണത്തിന്റെ ഭാഗമായി 21 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കത്തിന്റെ ജോലി അടുത്തിടെ പൂർത്തിയായിരുന്നു. ബാന്ദ്ര കുർള കോംപ്ലക്സിനും ശിൽഫാതയ്ക്കും ഇടയിൽ 21 കിലോമീറ്റർ നീളമുള്ള ബുള്ളറ്റ് ട്രെയിൻ ടണലിന്റെ നിർമ്മാണം അതിവേഗത്തിലാണ് പൂർത്തിയാക്കിയത്.

‘ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി മഹാരാഷ്ട്രയിൽ 21 കിലോമീറ്റർ നീളമുള്ള തുരങ്കം അതിവേഗം പൂർത്തിയാക്കിയിരിക്കുന്നു. എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലും അവിശ്വസനീയമായ നേട്ടമാണ് ഇതിലൂടെ വ്യക്തമാകുന്നത്’ വെസ്റ്റേൺ റെയിൽവെ എക്സിൽ കുറിച്ചത് ഇങ്ങനെയാണ്.

രണ്ട് ട്രാക്കുകൾ രൂപപ്പെടുത്താൻ സാധിക്കുന്ന ഒരു വലിയ ടണലിന്റെ ജോലിയാണ് പൂർത്തിയാകുന്നത്. ഈ തുരങ്കം നിർമ്മിക്കാൻ, 13.6 മീറ്റർ വ്യാസമുള്ള കട്ടർ ഹെഡുകളുള്ള ടണൽ ബോറിംഗ് മെഷീനുകളാണ് (ടി ബി എം) ഉപയോഗിച്ചത്. 2020 ഏപ്രിലിലാണ് ജോലികൾ ആരംഭിച്ചത്. 2028ൽ ജോലികൾ പൂർത്തിയാക്കി സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ മുംബയിൽ നിന്നും അഹമ്മദാബാദിലേക്കെത്താൻ വെറും മൂന്ന് മണിക്കൂർ മാത്രം മതിയാകും.


Source link

Related Articles

Back to top button