കുവൈറ്റ് തീപിടിത്തം: എട്ട് പേർ കസ്റ്റഡിയിൽ

കുവൈറ്റ് സിറ്റി: എൻ.ബി.ടി.സി കമ്പനി ഫ്ളാറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് കുവൈറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം എട്ടായി. ഒരു കുവൈറ്റ് സ്വദേശി, മൂന്ന് ഇന്ത്യക്കാർ, നാല് ഈജിപ്റ്റുകാർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവർ രണ്ടാഴ്ച കസ്റ്റഡിയിൽ തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. അശ്രദ്ധ, നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നും കെട്ടിടത്തിൽ വ്യാപക സുരക്ഷാ വീഴ്ചകളുണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് തെക്കൻ കുവൈറ്റിലെ മാംഗഫിൽ മലയാളി കെ.ജി. എബ്രഹാം മാനേജിംഗ് ഡയറക്ടറായ കമ്പനിയുടെ ജീവനക്കാർ താമസിച്ചിരുന്ന ഏഴുനില ഫ്ലാറ്റിൽ തീപിടിത്തമുണ്ടായത്. 195 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. 46 ഇന്ത്യക്കാരടക്കം 49 പേർ മരിച്ചു. മരിച്ചവരിൽ 24 പേരും മലയാളികളായിരുന്നു.
Source link