KERALAMLATEST NEWS

ആർ. ഡി. ഡി. ഓഫീസിലില്ല; പെൻഷൻകാർ വലയുന്നു

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം തിരുവനന്തപുരം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽനിന്ന് വിട്ടുനിൽക്കുന്നത് പെൻഷൻ ഫയലുകളുടെ നീക്കം പ്രതിസന്ധിയിലാക്കുന്നതായി പരാതി. പെൻഷൻ ഫയലുകൾ അക്കൗണ്ടന്റ് ജനറൽ ഓഫീസിലേക്ക് അയയ്ക്കുന്നതിൽ കാലതാമസം നേരിടുന്നു. ഇതുകാരണം വിരമിച്ച് രണ്ടും മൂന്നും മാസം കഴിഞ്ഞിട്ടും പെൻഷൻ ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.

പത്തനംതിട്ട സ്വദേശിയായ ആർ.ഡി.ഡി കൊല്ലം,​ പത്തനംതിട്ട അതിർത്തി പ്രദേശങ്ങളിലെ സ്‌കൂളുകൾ സന്ദർശിക്കുന്നെന്ന വ്യാജേന ഡ്യൂട്ടി മാർക്ക് ചെയ്ത് മുങ്ങുകയാണെന്ന ആരോപണം ശക്തമാണ്.

മന്ത്രിയുടെയും ഡയറക്ടറുടെയും മീറ്റിംഗാണെന്നും ആരും ഓഫീസിൽ വരേണ്ടെന്നും പ്രിൻസിപ്പൽമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം അയച്ച് തെറ്റിദ്ധരിപ്പിക്കുന്നതായും പരാതിക്കാർ ആരോപിക്കുന്നു. പെൻഷൻകാരാകട്ടെ ഓഫീസിലെത്തി കാത്തുകിടക്കേണ്ട ഗതികേടിലാണ്. കൊല്ലം ജില്ലയിലെ ഓച്ചിറ മുതൽ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെയുള്ള പെൻഷൻകാർക്കാണ് ഈ ദുർഗതി. ശനി,​ തിങ്കൾ ദിവസങ്ങളിൽ ഇത് പതിവാണെന്ന് പെൻഷൻകാർ പറയുന്നു.

വിരമിച്ച എയ്ഡഡ് ഹയർ സെക്കൻഡറി ജീവനക്കാരുടെ പെൻഷൻ,​ ലീവ് സറണ്ടർ, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ആർ.ഡി.ഡി. നൽകുന്ന നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് ട്രഷറിയിൽ നൽകേണ്ടതുണ്ട്. ലാസ്റ്റ് പേ സർട്ടിഫിക്കറ്റ് യഥാസമയം കൗണ്ടർ സൈൻ ചെയ്തു നൽകാത്തത് കാരണം പെൻഷനും വൈകുന്നു. പി.എഫ്. ബില്ലുകൾ യഥാസമയം പാസാക്കാത്തതും ഡയറക്ടറേറ്റിലേക്ക് അയക്കേണ്ട ഫോർവേഡിങ് കത്ത് ഒപ്പിട്ട് നൽകാത്തതും തങ്ങളെ വലയ്ക്കുന്നതായി പെൻഷൻകാർ പറയുന്നു.


Source link

Related Articles

Back to top button