മണിക്കൂറുകളുടെ ഇടവേളയിൽ യുവേഫ യൂറോ കപ്പ് ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമായി തുർക്കിയുടെ ആർദ ഗുലറും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഗ്രൂപ്പ് എഫിൽ തുർക്കിക്കായി പത്തൊന്പതുകാരൻ ഗുലർ ജോർജിയയ്ക്കെതിരേ വലകുലുക്കിയപ്പോൾ തകർന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം പഴക്കമുള്ള റിക്കാർഡ്. തുർക്കി x ജോർജിയ മത്സരത്തിനു തൊട്ടുപിന്നാലെ പോർച്ചുഗൽ ചെക് റിപ്പബ്ലിക്കിനെതിരേ ഇറങ്ങിയതോടെ റൊണാൾഡോ മറ്റൊരു റിക്കാർഡ് കുറിച്ചു. ആറ് യൂറോ കപ്പ് ചാന്പ്യൻഷിപ്പിൽ കളിക്കുന്ന (2004, 2008, 2012, 2016, 2020, 2024) ആദ്യ താരം എന്ന റിക്കാർഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. യൂറോ കപ്പ് അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റിക്കാർഡാണ് ആർദ ഗുലർ തിരുത്തിയത്. 2004 റൊണാൾഡോ കുറിച്ച റിക്കാർഡ് 2024ൽ 19 വയസും 114 ദിനവും പ്രായമുള്ള ഗുലർ തിരുത്തി. 2004 യൂറോ കപ്പിൽ ഗ്രീസിനെതിരേ ഗോൾ നേടുന്പോൾ റൊണാൾഡോയ്ക്ക് പ്രായം 19 വയസും 129 ദിനവുമായിരുന്നു. ബോക്സിനു പുറത്തുനിന്നുള്ള മിന്നിൽ ഗോളായിരുന്നു ഗുലർ നേടിയത്. മത്സരത്തിൽ തുർക്കി 3-1ന് ജോർജിയയെ കീഴടക്കുകയും ചെയ്തു. റൊണാൾഡോ ഫ്രീകിക്ക് പോർച്ചുഗൽ 2-1ന് ചെക് റിപ്പബ്ലിക്കിനെ കീഴടക്കിയ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ചില സുന്ദര മുഹൂർത്തങ്ങൾ സൃഷ്ടിച്ചത് ആരാധകരെ ആവേശത്തിലാക്കി. ഫ്രാൻസിസ്കോ കണ്സെയ്കോ ഇഞ്ചുറി ടൈമിൽ (90+2’) നേടിയ ഗോളിലായിരുന്നു പറങ്കിപ്പടയുടെ ജയം. മത്സരത്തിൽ ലഭിച്ച ഡയറക്ട് ഫ്രീകിക്ക് റൊണാൾഡോയായിരുന്നു എടുത്തത്. എന്നാൽ, ഗോൾ നേടാൻ സാധിച്ചില്ല. 2004ൽ യൂറോ കപ്പിൽ അരങ്ങേറിയതിനുശേഷം റൊണാൾഡോ ടൂർണമെന്റിൽ എടുക്കുന്ന 29-ാം ഡയറക്ട് ഫ്രീകിക്കായിരുന്നു ചെക്കിനെതിരായത്. 29 എണ്ണവും ലക്ഷ്യത്തിലെത്തിക്കാൻ സിആർ7നു സാധിച്ചില്ല. അതേസമയം, ചെക്കിനെതിരേ റൊണാൾഡോയുടെ പാസുകളെല്ലാം 100 ശതമാനവും കൃത്യമായിരുന്നു. നടത്തിയ 22 പാസും പൂർത്തിയാക്കാൻ റൊണാൾഡോയ്ക്കു സാധിച്ചു. 2010 ഫിഫ ലോകകപ്പിൽ നോർത്ത് കൊറിയയ്ക്കെതിരേയാണ് ഇതിനു മുന്പ് റൊണാൾഡോ 100 ശതമാനം പാസ് കൃത്യതയോടെ കളംവിട്ടത്.
Source link