യുഎസ് സൈനികന് റഷ്യയിൽ തടവുശിക്ഷ

മോസ്കോ: ഗേൾഫ്രണ്ടിനു നേരേ വധഭീഷണി മുഴക്കിയതിനും പണം അപഹരിച്ചതിനും അറസ്റ്റിലായ യുഎസ് സൈനികൻ സ്റ്റാഫ് സെർജന്റ് ഗോർഡൻ ബ്ലാക്കിനു റഷ്യൻ കോടതി മൂന്നുവർഷവും ഒന്പതു മാസവും തടവുശിക്ഷ വിധിച്ചു. കിഴക്കൻ റഷ്യയിൽ വ്ലാഡിവോസ്റ്റോക് നഗരത്തിലെ കോടതിയിൽ നടന്ന വിചാരണയിൽ സെർജന്റ് ബ്ലാക് വധഭീഷണിക്കുറ്റം നിഷേധിച്ചെങ്കിലും പതിനായിരം റൂബിൾ മോഷ്ടിച്ച കാര്യം ഭാഗികമായി സമ്മതിച്ചിരുന്നു. മുപ്പത്തിനാലുകാരനും വിവാഹിതനുമായ ബ്ലാക് ദക്ഷിണകൊറിയയിൽ സൈനിക സേവനം ചെയ്യുന്പോഴാണു റഷ്യക്കാരി അലക്സാണ്ട്ര വാഷ്ചുക്കിനെ പരിചയപ്പെടുന്നത്. മേയിൽ യുഎസിലേക്കു തിരിച്ചുപോകേണ്ടിയിരുന്ന ബ്ലാക് അനുമതിയില്ലാതെ ചൈനവഴി റഷ്യയിലെത്തുകയായിരുന്നു. വീട്ടുവഴക്കിനിടെ അക്രമാസക്തനായ ബ്ലാക്കിനെതിരേ അലക്സാണ്ട്ര നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തത്തിൽ യുഎസ് -റഷ്യ ബന്ധം അങ്ങേയറ്റം വഷളാണ്. കഴിഞ്ഞവർഷം മാർച്ചിൽ യുഎസ് മാധ്യമപ്രവർത്തകൻ ഇവാൻ ഗോർഷ്കോവിച്ചിനു റഷ്യൻ കോടതി ജയിൽശിക്ഷ വിധിച്ചിരുന്നു.
Source link