രാവിലെ വാഹനങ്ങളിൽ കൊണ്ടിറക്കി വൈകിട്ട് തിരിച്ചു കൊണ്ടുപോകും; പേടിച്ച് പുറത്തിറങ്ങാനാകാതെ തൃശൂർക്കാർ
തൃശൂർ: ഭിക്ഷാടകരെ കൊണ്ട് നിറയുകയാണ് തൃശൂർ നഗരം. യാചകനിരോധന മേഖലയായ റെയിൽവേ സ്റ്റേഷൻ റോഡിലും ശക്തൻ ബസ് സ്റ്റാൻഡ്, വടക്കെ സ്റ്റാൻഡ് എന്നീ ബസ് സ്റ്റേഷനുകളിലും തേക്കിൻകാട് മൈതാനത്തും ഇപ്പോൾ ഭിക്ഷാടകരുടെ തിരക്കാണ്. ഭിക്ഷ യാചിച്ച് കിട്ടിയില്ലെങ്കിൽ വഴിയാത്രക്കാർക്ക് യാചകർ ശല്യക്കാരാകുന്നുമുണ്ട്.
‘ആദ്യം പൈസയ്ക്കായി കൈനീട്ടും, കൊടുത്തില്ലെങ്കിൽ മുറുമുറുപ്പും കാർക്കിച്ച് തുപ്പലും…’ കഴിഞ്ഞ ദിവസം യാചകർക്ക് പൈസ കൊടുക്കാൻ വൈകിയതിന്റെ പേരിൽ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറെ ഗേറ്റിന് സമീപം ഒരു യുവതി നേരിട്ടതാണ് ഈ അധിക്ഷേപം. ദിവാൻജി മൂലയിലെ വെജിറ്റേറിയൻ ഹോട്ടലിന് സമീപം മറ്റൊരാൾക്കും സമാന അനുഭവം നേരിട്ടിരുന്നു.
ബസ് സ്റ്റാൻഡുകളിൽ യാത്രക്കാർക്ക് ബസിൽ പോലും കയറാനാകാത്തവിധം അതിരുകടക്കുന്നുണ്ട് ഭിക്ഷാടകരുടെ പെരുമാറ്റം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും മറ്റും സുരക്ഷാ ജീവനക്കാരും പൊലീസും ഉണ്ടെങ്കിലും ഇക്കൂട്ടരെ നിയന്ത്രിക്കുന്നില്ലെന്നാണ് പരാതി. ശക്തൻ ബസ് സ്റ്റാൻഡിലാണ് ഏറെ ശല്യമുള്ളത്.
തേക്കിൻകാടിന് ചുറ്റും സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതി വാങ്ങി നൂറുകണക്കിന് പേർ നഗരത്തിൽ തമ്പടിക്കാറുണ്ട്. ഭക്ഷണം കഴിച്ച ശേഷമുള്ള അവശിഷ്ടവും മറ്റും അവിടെ തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. മേയറുടെ ഇടപെടലിൽ സന്നദ്ധ സംഘടനകലുടെ ഭക്ഷണവിതരണം നിരോധിച്ച് മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. പലപ്പോഴും ഭിക്ഷാടകർ തമ്മിൽ വഴക്കും വാക്കുതർക്കങ്ങളും പതിവാണ്. കൊലപാതകങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
കൂടുതലും തമിഴ് സംഘങ്ങൾ
ഭിക്ഷാടകരിൽ കൂടുതലും തമിഴ് സംഘങ്ങളാണ്. ഇവർക്ക് പിന്നിൽ സംഘടിത മാഫിയ സംഘങ്ങളും ഉണ്ടെന്നതാണ് സംശയം. രാവിലെ വാഹനങ്ങളിൽ കൊണ്ടിറക്കി വൈകിട്ട് കൊണ്ടുപോകുകയും ഇവരിൽ നിന്ന് കമ്മിഷൻ ഈടാക്കുകയും ചെയ്യുന്നതാണ് മാഫിയാ രീതി.
വി.ഐ.പി മോഡൽ തട്ടിപ്പ്
നല്ല വേഷമിട്ട് ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പണം തട്ടുന്ന സംഘങ്ങളും നിരവധി. ദൂരെദിക്കിൽ നിന്നും സഞ്ചരിക്കുന്നതിനിടെ പഴ്‌സ് നഷ്ടപ്പെട്ടെന്നും ലക്ഷ്യസ്ഥാനത്തെത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് സഹതാപം മുതലെടുത്താണ് തട്ടിപ്പ്. അമ്പത് രൂപ മുതൽ 200 രൂപ വരെ സഹായം അഭ്യർത്ഥിക്കും. മറ്റ് ജില്ലക്കാരാണ് ഇതിലേറെയും. ചെറുപ്പക്കാരായ സ്ത്രീകൾ വരെ ഇത്തരം തട്ടിപ്പുകൾ നടത്തുന്നുണ്ട്. ഒരാൾ തന്നെ വിവിധ ദിവസങ്ങളിൽ വ്യത്യസ്ത തട്ടിപ്പുമായി എത്തുമ്പോഴാണ് കഥ പുറത്താകുക. തട്ടിപ്പുസംഘങ്ങൾ പെരുകിയതോടെ യഥാർത്ഥത്തിൽ പോക്കറ്റടിക്കപ്പെട്ട് അലയുന്നവർ പോലും സംശയനിഴലിലാകുന്നുണ്ട്.
മോഷ്ടാക്കളും പെരുകുന്നു
കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം ജില്ലയിൽ നിരവധി മോഷണങ്ങളുണ്ടായി. തിങ്കളാഴ്ച കൊടുങ്ങല്ലൂരിൽ രണ്ടിടത്താണ് വീടുകൾ കുത്തിത്തുറന്ന് മോഷണം നടന്നത്. ജൂൺ ആറിന് അയ്യന്തോളിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 17 പവൻ കവർച്ച ചെയ്യപ്പെട്ടിരുന്നു. അരിമ്പൂർ പരദേവതാ ക്ഷേത്രം, വെങ്ങിണിശേരി പയ്യപ്പാട്ട് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും മോഷണം നടന്നിരുന്നു.
Source link