‘ട്രാൻസ്‌പോർട്ട് ഡ്രൈവറെ റോഡിൽ വിരട്ടിയ കാര്യമല്ല പറഞ്ഞത്’; സച്ചിൻദേവിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: നിയമസഭയിൽ ശബ്ദമുയർത്തി സംസാരിച്ച സച്ചിൻദേവ് എംഎൽഎയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടിയന്തരപ്രമേയ നോട്ടീസിൽ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ കണ്ണൂരിലെ ബോംബ് നിർമാണത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ എംഎൽഎ ബഹളം വയ്ക്കുകയായിരുന്നു. തുടർന്നാണ് വി ഡി സതീശൻ പ്രതികരിച്ചത്.
പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ കാര്യങ്ങളാണ് സിപിഎം ചെയ്യുന്നതെന്ന് പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. ‘ഞാൻ ട്രാൻസ്‌പോർട്ട് ഡ്രൈവറെ റോഡിൽ വിരട്ടിയ കാര്യമല്ല പറഞ്ഞത്. ബോംബ് നിർമാണത്തിന്റെ കാര്യമാണ്. സർക്കാർ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു. സർക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെ നടക്കുന്ന ബോംബ് നിർമാണത്തിൽ നിരപരാധികളാണ് മരിക്കുന്നത്. സിപിഎം ആയുധം താഴെ വയ്ക്കണം. ബോംബ് നിർമാണം അവസാനിപ്പിക്കണം’- വി ഡി സതീശൻ സഭയിൽ പറഞ്ഞു.
മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവും കെഎസ്‌ആർടിസി ബസ് ഡ്രൈവർ യദുവുമായി തിരുവനന്തപുരത്ത് രാത്രി നടുറോഡിൽ വാക്കുതർക്കമുണ്ടായ കാര്യം പരാമർശിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം. സംഭവത്തിൽ ആര്യ രാജേന്ദ്രൻ, സച്ചിൻദേവ്, കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേർ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞദിവസം തലശ്ശേരിയിൽ ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ വീണ തേങ്ങ പെറുക്കാനെത്തിയ വൃദ്ധൻ സ്റ്റീൽ ബോംബ് സ്‌ഫോടനത്തിൽ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ബോംബ് നിർമാണത്തെക്കുറിച്ച് വി ഡി സതീശൻ സഭയിൽ പ്രസംഗിച്ചത്. എരഞ്ഞോളി വാടിയിൽപീടിക കുടക്കളം റോഡിൽ നിടങ്ങോട്ടും കാവിന് സമീപം അയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധനാണ് (85) ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രദേശത്തെ നടുക്കിയ സ്‌ഫോടനം.
മരണമടഞ്ഞ അയൽവാസിയുടെ വീട് നാളുകളായി പൂട്ടിയിട്ടിരിക്കയാണ്. വീട്ടുപറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ മുന്നിൽ കണ്ട സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിച്ചതും പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനവും നിലവിളിയും കേട്ടെത്തിയ അയൽവാസികൾ വലതുകൈ അറ്റുതൂങ്ങിയ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന വേലായുധനെയാണ് കണ്ടത്. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Source link