തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടം കൂളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി. മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ കഴക്കൂട്ടം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസും ബോംബ് ഡിറ്റൻഷൻ സ്ക്വാഡും ചേർന്ന് ബോംബുകൾ നിർവീര്യമാക്കാനായി കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റി.
സിസിടിവികൾ പരിശോധിച്ച് ആരാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നിരവധി രാഷ്ട്രീയ അക്രമസംഘട്ടനങ്ങൾ നടന്നയിടമാണ് കുളത്തൂർ ജംഗ്ഷൻ. അതിനാൽ തന്നെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തലശേരിയിൽ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. എരഞ്ഞോളി വാടിയിൽപീടിക കുടക്കളം റോഡിൽ നിടങ്ങോട്ടും കാവിന് സമീപം അയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധനാണ് (85)ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രദേശത്തെ നടുക്കിയ സ്‌ഫോടനം.
സംഭവം നടന്ന വീട് കഴിഞ്ഞ കുറേ വർഷങ്ങളായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീട്ടുപറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ വേലായുധൻ മുന്നിൽ കണ്ട സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.സ്ഫോടനവും നിലവിളിയും കേട്ടെത്തിയ അയൽവാസികൾ വലതുകൈ അറ്റുതൂങ്ങിയ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന വേലായുധനെയാണ് കണ്ടത്. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശേരി എ.എസ്.പി ഷഹൻഷാ, സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു ആന്റണി, എസ്.ഐ നിഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Source link