ആലപ്പുഴ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയുടെ അമ്മ ഷാൻ ദൗലത് സിംഗ് ജഡേജയുടെ (90) വിയോഗം ആലപ്പുഴയ്ക്കും ദുഃഖവാർത്തയായി. മുഹമ്മ പുത്തനങ്ങാടി ഇത്തിപ്പള്ളി വീട്ടിൽ സി.കെ.പത്മനാഭന്റെയും, കാർത്ത്യായനിയുടെയും ആറ് മക്കളിൽ മൂന്നാമത്തെയാളാണ് ഷാൻ. തിങ്കളാഴ്ചയാണ് ഷാൻ അന്തരിച്ചത്.
കോളിളക്കം സൃഷ്ടിച്ച പ്രണയകഥയിലെ നായിക കൂടിയാണ് ഷാൻ. നഴ്സായി ഡൽഹി എയിംസിൽ ജോലി ചെയ്യവേയാണ് ഗുജറാത്തിലെ രാജ കുടുംബാംഗവും, ലോക്സഭാംഗവുമായിരുന്ന ദൗലത് സിംഗ് ജഡേജയെ ഷാൻ പരിചയപ്പെട്ടത്. ക്രിക്കറ്റ് കളിക്കിടെ കണ്ണിന് പരിക്കേറ്റ ദൗലത് ചികിത്സ തേടി എയിംസിൽ എത്തിയപ്പോൾ പരിചരണച്ചുമതല ഷാനിനായിരുന്നു. ദിവസങ്ങൾ നീണ്ട പരിചയം പ്രണയത്തിലേക്ക് വഴിമാറി. ബന്ധത്തിൽ ഉറച്ചുനിന്ന ദൗലത് സിംഗിനെ രാജകുടുംബത്തിൽ നിന്ന് പുറത്താക്കി. ഇതോടെ വിവാഹശേഷം ഇരുവരും ആലപ്പുഴയിലേക്ക് തിരിച്ചു. മുഹമ്മയിൽ വേമ്പനാട് കായൽക്കരയിലെ പുളിക്കൽച്ചിറയിൽ സ്ഥലം വാങ്ങി മിഠായി ഫാക്ടറി ആരംഭിച്ചു. ഫാക്ടറിയോട് ചേർന്നുള്ള വീട്ടിലായിരുന്നു താമസം. ഷാൻ ഗർഭിണിയായതോടെ ദൗലത് സിംഗിന്റെ അമ്മയെത്തി ഇരുവരെയും ഡൽഹിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
തുടർന്ന് ഡൽഹിയിൽ സ്ഥിരതാമസമാക്കിയെങ്കിലും മൂന്ന് വർഷം മുമ്പ് വരെയും വർഷാവർഷം ആലപ്പുഴയിലേക്കുള്ള യാത്ര ഷാൻ മുടക്കിയിരുന്നില്ല. മൂത്ത സഹോദരൻ പരേതനായ സി.പി.രാജശേഖരന്റെ മകൻ ഉമേഷ് കണ്ണങ്കര താമസിക്കുന്ന കുടുംബവീട്ടിലെത്തിയാണ് നാടും നാട്ടുകാരുമായുള്ള പരിചയം പുതുക്കിയിരുന്നത്. മക്കളായ അജിത്ത് ജഡേജയും അജയ് ജഡേജയും കുട്ടിക്കാലത്ത് മുഹമ്മയിലെത്തി ദിവസങ്ങളോളം തങ്ങുമായിരുന്നു. ഉമേഷിന്റെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അജിത്ത് ഒരു വർഷം മുമ്പ് നാട്ടിലെത്തിയിരുന്നു. യാത്ര ചെയ്യാൻ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ പതിവായി ഫോണിൽ വിളിച്ചായിരുന്നു ഷാൻ അടുത്തിടെയായി ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നത്. സഹോദരങ്ങൾ: സുമ, ഷാജി, പരേതരായ സി.പി.രാജശേഖരൻ, സരള, സുധ,
Source link