അത് സ്ക്രിപ്റ്റഡ് അല്ല, റീച്ച് കിട്ടാൻ എന്തും ചോദിക്കാമോ?: ഹന്ന റെജി കോശി | Hannah Reji Koshy Interview
അത് സ്ക്രിപ്റ്റഡ് അല്ല, റീച്ച് കിട്ടാൻ എന്തും ചോദിക്കാമോ?: ഹന്ന റെജി കോശി
മനോരമ ലേഖകൻ
Published: June 19 , 2024 08:32 AM IST
1 minute Read
ഹന്ന റെജി കോശി
‘ഡിഎൻഎ’ സിനിമയുടെ പ്രമോഷൻ അഭിമുഖത്തിന് ഇടയിൽ അനുചിതമായ ചോദ്യം ചോദിച്ച അവതാരകയ്ക്കെതിരെ ഹന്ന റെജി കോശി. ചാനലിന് റീച്ച് കിട്ടാൻ എന്തും ചോദിക്കാമെന്നു കരുതുന്നത് ശരിയല്ലെന്നും അവതാരകയുടെ ഇടപെടൽ വേദനിപ്പിച്ചെന്നും ഹന്ന വ്യക്തമാക്കി. അഭിമുഖത്തിന് ഇടയിൽ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് നിലവാരമില്ലാത്ത രീതിയിലുള്ള ചോദ്യമായിരുന്നു ഹന്നയ്ക്ക് നേരിടേണ്ടി വന്നത്. തുടർന്ന് ഹന്നയും സഹതാരം അഷ്കർ സൗദാനും അഭിമുഖത്തിൽ നിന്ന് ഇറങ്ങിപ്പോയി.
അഭിമുഖം സ്ക്രിപ്റ്റഡ് ആയിരുന്നില്ലെന്നും നടന്നത് പ്രാങ്ക് അല്ലായിരുന്നുവെന്നും വ്യക്തമാക്കിയ ഹന്ന അവതാരക ചോദിച്ചത് തെറ്റായ ചോദ്യമായിരുന്നുവെന്ന് തുറന്നടിച്ചു. ‘‘എന്തു ചോദിച്ചാലും മറുപടി പറയാമോ എന്ന് അഭിമുഖത്തിനു മുൻപെ അവതാരക ചോദിച്ചിരുന്നു. പക്ഷേ, ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചില്ല. ആ ചോദ്യം ഉചിതമായിരുന്നില്ല. റീച്ച് കിട്ടാൻ വേണ്ടിയായിരിക്കും അവർ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. ചോദ്യം ചോദിച്ച രീതി വേദനിപ്പിച്ചു. ആദ്യം പ്രതികരിക്കുന്നില്ലെന്നു കരുതി. പക്ഷേ, എന്റെ നിലപാട് എനിക്ക് വ്യക്തമാക്കണമായിരുന്നു,’’ ഹന്ന പറഞ്ഞു.
‘‘ആരെങ്കിലും അപര്യാദയായി പെരുമാറുകയാണെങ്കിൽ അതിനോടുള്ള എന്റെ പ്രതികരണം എനിക്ക് പറയണമല്ലോ. എന്തിനാണ് അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്? അതൊരു തെറ്റായ ചോദ്യമല്ലേ? അങ്ങനെയൊരു വ്യക്തിയല്ല ഞാൻ എന്നൊരു കാര്യം എനിക്ക് അവിടെ പറയണമായിരുന്നു. കൂടുതൽ പറഞ്ഞു കുളമാക്കുന്നതിനെക്കാൾ ഇറങ്ങിപ്പോകുന്നതായിരിക്കും ഉചിതമെന്ന് കരുതി,’’ ഹന്ന പറയുന്നു.
ഒരു പെൺകുട്ടിയോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യമാണ് അവതാരക ചോദിച്ചതെന്ന് അഷ്കർ സൗദാൻ പ്രതികരിച്ചു. ‘‘”ഒരാളോടും ചോദിക്കാൻ പാടില്ലാത്ത ചോദ്യമാണ് ആ അവതാരക ഹന്നയോട് ചോദിച്ചത്. ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അങ്ങനെ ഒരു ചോദ്യം കേട്ടപ്പോ പ്രതികരിക്കാതെ തരമില്ലായിരുന്നു. ഞങ്ങൾ പ്രതികരിച്ച് ഇറങ്ങി പോന്നു. ഒരു പെണ്ണിനോട് മറ്റൊരു പെണ്ണ് ചോദിക്കാൻ പാടില്ലാത്ത ചോദ്യം. എല്ലാ മേഖലയിലും നല്ലതും ചീത്തയും ഉണ്ട്. ടാലന്റും വ്യക്തിത്വവും കൊണ്ടാണ് ഹന്ന ഈ മേഖലയിൽ നിൽക്കുന്നത് മലയാള സിനിമയിലും ഇന്ത്യൻ സിനിമയിലും നിറഞ്ഞു നിൽക്കുന്ന ഒരുപാട്പേരുണ്ട്. ആരും ഇവർ പറഞ്ഞതുപോലെയല്ലല്ലോ വരുന്നത്. ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് ഞങ്ങളെ വളരെയധികം വേദനിപ്പിച്ചു. അവർക്ക് റീച്ച് കിട്ടാൻ വേണ്ടി ചോദിച്ചതാകാം. അതിനെപ്പറ്റി കൂടുതൽ പറയാൻ എനിക്ക് താല്പര്യമില്ല.’’ അഷ്‌കർ പറയുന്നു.അഷ്കർ പറയുന്നു.
അഭിമുഖത്തിലെ അശ്ലീല ചോദ്യം സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായി. റീച്ച് കിട്ടാൻ വേണ്ടി എന്തും ചോദിക്കുന്ന ഓൺലൈൻ അവതാരകർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
English Summary:
“Hannah Reji Koshy and Ashkar Soudan Walk Out Live: Unacceptable Interview Question Sparks Controversy
7rmhshc601rd4u1rlqhkve1umi-list 1c01gbj034qnv33op6rt5bciou mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-hannah-reji-koshy
Source link