വയനാടിന്റെ പ്രിയങ്കരി

ഉപതിരഞ്ഞെടുപ്പിനൊരുങ്ങുകയാണ് വയനാട്. റായ്ബറേലിയും ജയിച്ചതോടെയാണ് സിറ്റിംഗ് എം.പി കൂടിയായ രാഹുൽഗാന്ധി വയനാട് വിടുന്നതിനെ തുടർന്ന് സഹോദരി പ്രിയങ്കഗാന്ധി ചുരം കയറുന്നത്. ഇരു കൈകളും നീട്ടിയാണ് പ്രിയങ്കയെ വയനാട്ടിലെ യു.ഡി.എഫ് പ്രവർത്തകർ സ്വീകരിക്കുന്നത്. യു.ഡി.എഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലീം ലീഗിനാണ് കോൺഗ്രസിനെക്കാൾ പ്രിയങ്ക വയനാട്ടിൽ വരുന്നതിനോട് താത്പര്യം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി മത്സരിച്ചേക്കില്ലെന്ന ഘട്ടം വന്നപ്പോൾ വയനാട് സീറ്റ് തങ്ങൾക്ക് വേണമെന്നും ലീഗ് പറഞ്ഞിരുന്നു. 2019ൽ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തുടക്കത്തിൽ പ്രചാരണം നടത്തിയത് ടി. സിദ്ദീഖായിരുന്നു. പ്രചാരണം മികച്ചരീതിയിൽ പുരോഗമിക്കുമ്പോഴാണ് ഒാർക്കാപ്പുറത്ത് രാഹുൽ ഗാന്ധിയുടെ വരവ്. തുടർന്ന് നിറഞ്ഞ മനസോടെ സിദ്ദീഖ് മാറിക്കൊടുത്തു.

2014ൽ യു.ഡി.എഫിലെ എം.ഐ. ഷാനവാസ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയെ 20,870 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ആഞ്ഞുപിടിച്ചാൽ വയനാട് പിടിക്കാമെന്ന് എൽ.ഡി.എഫ് കരുതിയിരിക്കുമ്പോഴായിരുന്നു രാഹുലിന്റെ വരവ്.

പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന വിശേഷണവും അന്ന് രാഹുലിനുണ്ടായിരുന്നു. 2019ൽ 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. മാത്രമല്ല, കേരളത്തിൽ ആലപ്പുഴയൊഴിച്ച് 19 മണ്ഡലത്തിലും യു.ഡി.എഫ് വിജയിച്ചു. രാഹുലിന്റെ പ്രഭാവലയം (ഒാറ) ഉണ്ടാക്കിയ തരംഗമായിരുന്നു അത്. രാഹുൽ വയനാട്ടിലെ എം.പിയായി.

അതിനിടയ്‌ക്ക് പ്രളയം കടന്നുപോയി. കാടിറങ്ങിയ വന്യമൃഗങ്ങൾ വിലപ്പെട്ട മനുഷ്യ ജീവനുകളെടുത്തു. മണ്ഡലത്തിൽ വരാത്ത എം.പിയെന്ന ദുഷ്പ്പേരും രാഹുലിന് കേൾക്കേണ്ടിവന്നു. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെ എം.പി ഒാഫീസിനു നേരെ എസ്.എഫ്.ഐ ആക്രമണവുമുണ്ടായി. എന്നിട്ടും രാഹുൽ കുലുങ്ങിയില്ല. വന്യമൃഗങ്ങൾ മനുഷ്യജീവനുകളെടുത്തത് തുടർന്നതോടെ ഭാരത് ജോഡോ യാത്രക്കിടയിൽ നിന്ന് രാഹുൽ വയനാട്ടിൽ ഒാടിയെത്തി.

 ‘എന്റെ വയനാട്ടുകാർ നിരാശരാകില്ല”

ഇത്തവണ രാഹുലിന്റെ ഭൂരിപക്ഷം 3,64,422 വോട്ടായി കുറഞ്ഞു. കേരളത്തിലെ പതിനെട്ട് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചു. ഇന്ത്യാ മുന്നണി രാജ്യത്ത് നില മെച്ചപ്പെടുത്തി. കോൺഗ്രസിന്റെയും രാഹുലിന്റെയും പ്രസക്തിയേറി. ഫലപ്രഖ്യാപനത്തിനു ശേഷം ‘എന്റെ വയനാട്ടുകാർ നിരാശരാകി”ല്ലെന്ന്‌‌ രാഹുൽ പറായതെ പറഞ്ഞു. രണ്ട് എം.പിമാർ വയനാ‌ടിനുണ്ടാകുമെന്നും ഇടയ്ക്ക് പറയുന്നത് കേട്ടു. പ്രിയങ്കയിലൂടെ വയനാട്ടുകാർ മാത്രമല്ല, രാജ്യത്തെ ഏവരും കാണുന്നത് ഇന്ദിരാഗാന്ധിയുടെ മുഖമാണ്. 40 വർഷം മുമ്പ് തൊട്ടടുത്ത കർണാടകയിലെ ചിക്ക് മംഗലൂരിൽ മുത്തശ്ശി മത്സരിച്ചിട്ടുണ്ട്. പിന്നീടാണ് കൊച്ചുമകൻ രാഹുൽഗാന്ധി വയനാട്ടിലെത്തുന്നത്. ഇപ്പോഴിതാ സഹോദരി പ്രിയങ്കയും. എന്താണ് ഇതുവഴി കോൺഗ്രസ് ലക്ഷ്യമിടുന്നത്?. പ്രിയങ്കയിലൂടെ കേരളത്തിൽ വലിയൊരു ചലനം കോൺഗ്രസ് സൃഷ്‌ടിച്ചേക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. മാത്രമല്ല, കോൺഗ്രസിന് കൈമോശം വന്ന തെന്നിന്ത്യയിൽ ആധിപത്യമുറപ്പിക്കുകയും വേണം. പ്രിയങ്ക ചുരം കയറുന്നതുവഴി ഇങ്ങനെ കുറേ ലക്ഷ്യങ്ങൾ കോൺഗ്രസിനുണ്ട്.


Source link

Exit mobile version