പുനലൂരിൽ ഇടിമിന്നലേറ്റ് രണ്ട് വീട്ടമ്മമാർ മരിച്ചു
പുനലൂർ: പുനലൂർ നഗരസഭയിൽ സ്വകാര്യ ഭൂമിയിൽ കാട് വെട്ടിത്തെളിച്ചുകൊണ്ടിരുന്ന അയൽവാസികളായ വീട്ടമ്മമാർ ഇടിമിന്നലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കേളൻങ്കാവ് ഇടകുന്ന് മുളവെട്ടിക്കോണം മഞ്ജുഭവനിൽ പരേതനായ മോഹനന്റെ ഭാര്യ രജനി (59), അയൽവാസിയായ ഗോകുലത്തിൽ ചന്ദ്രബാബുവിന്റെ ഭാര്യ സരോജം (55) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 1.30 ഓടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. ഇടക്കുന്ന് മുളവെട്ടിക്കോണത്തെ റബർ വെട്ടിക്കഴിഞ്ഞ സ്വകാര്യഭൂമിയിൽ കരാർ വ്യവസ്ഥയിൽ കാട് വെട്ടിത്തെളിക്കാൻ എത്തിയതായിരുന്നു സംഘം. രജനിയും സരോജവും ഉയർന്ന പ്രദേശത്തും മറ്റുള്ളവർ താഴ്ചയുള്ള ഭാഗത്തുമാണ് ജോലി ചെയ്തിരുന്നത്. കനത്ത മഴ പെയ്യാൻ തുടങ്ങിയതോടെ നനയാതിരിക്കാൻ രജനിയും സരോജവും സമീപത്തെ വൃക്ഷച്ചുവട്ടിലേക്ക് മാറി. ഈ സമയം ഉഗ്രശബ്ദത്തോടെയുള്ള ഇടിമിന്നലേറ്റ് ഇരുവരും നിലത്തേക്ക് തെറിച്ചുവീണു. മരം പൊട്ടിപ്പിളർന്ന നിലയിലാണ്.
മഴ തോർന്നിട്ടും ഇരുവരെയും കാണാത്തതിനെ തുടന്ന് മറ്റ് തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് വൃക്ഷച്ചുവട്ടിൽ ബോധരഹിതരായി കിടക്കുന്നത് കണ്ടത്. വിളിച്ചിട്ട് അനക്കമില്ലാത്തതിനാൽ സമീപവാസികളെ വിവരം അറിയിച്ചു. ഓടികൂടിയ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേർന്ന് പുനലൂർ ഗവ. താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പുനലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റുമോട്ടത്തിന് ശേഷം രജനിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് 6.45 ഓടെ വീട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സരോജത്തിന്റെ മൃതദേഹം ഇന്ന് രാവിലെ വിട്ടിലെത്തിച്ച ശേഷം 11 ഓടെ സംസ്കരിക്കും. രജനിയുടെ മക്കൾ മഞ്ജു, മനോജ്. സരോജത്തിന്റെ മക്കൾ: ചന്ദു, നന്ദഗോപാൽ, ശ്രീകാന്ത്.
Source link