കോംഗോയിൽ ഐഎസ് ആക്രമണം വർധിക്കുന്നതിൽ ആശങ്ക
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ കിഴക്കൻ മേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ഭീകരർ രണ്ടാഴ്ചയിലധികമായി നടത്തുന്ന ആക്രമണങ്ങളിൽ 150ഓളം പേർ കൊല്ലപ്പെട്ടു. പല ആക്രമണങ്ങളുടെയും ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. യുഗാണ്ടൻ മുസ്ലിംകൾ ഉൾപ്പെടുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന സംഘടനയാണു നോര്‍ത്ത് കിവു പ്രവിശ്യയിലെ ബെനി പ്രദേശത്തെ ഗ്രാമങ്ങളില്‍ ആക്രമണം നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സെൻട്രൽ ആഫ്രിക്കൻ ശാഖയായിട്ടാണ് ഈ സംഘടന അറിയപ്പെടുന്നത്. ഇവർ ജൂൺ ഒന്നിനും 11നും ഇടയ്ക്ക് ബെനിയിൽ 15 തവണയെങ്കിലും ആക്രമണം നടത്തിയിട്ടുണ്ട്. ജനസംഖ്യയുടെ തൊണ്ണൂറു ശതമാനത്തിനടുത്ത് ക്രൈസ്തവരുള്ള കോംഗോയിൽ ഭീകരസംഘടനകൾ ശക്തിപ്പെടുന്നതിൽ ആശങ്ക ശക്തമാണ്. കോംഗോ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ സർക്കാരും രാജ്യാന്തര സമൂഹവും ഇടപെടണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.
Source link