മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടീസ്, നടപടി മാത്യു കുഴൽനാടന്റെ ഹർജിയിൽ

കൊച്ചി: സിഎംആർഎൽ – എക്‌സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്. ഈ കേസുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം എൽ എ നേരത്തെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇതൊരു സാങ്കേതിക നടപടിയാണെന്നാണ് വിവരം. ഹർജി കോടതിയുടെ പരിഗണനയിൽ എത്തിയാൽ എതിർകക്ഷികൾക്ക് കാര്യങ്ങൾ ബോധിപ്പിക്കാൻ അവസരം നൽകാൻ വേണ്ടിയാണ് നോട്ടീസ് നൽകുന്നത്. ഇനി മുഖ്യമന്ത്രിക്കും വീണയ്ക്കും പറയാനുള്ളത് കോടതി കേൾക്കും. അതിനുശേഷമായിരിക്കും വിഷയത്തിൽ അന്തിമ വിധിയുണ്ടാകുക.

സ്വാഭാവിക നടപടിയാണെന്ന് മാത്യു കുഴൽനാടൻ പ്രതികരിച്ചു. ‘ഇതൊരു സ്വാഭാവിക നടപടിയാണ്. കീഴ്‌ക്കോടതി വിധിയിലെ നിയമപരമായ പിശകുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. എനിക്ക് ഉത്തമ ബോദ്ധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളതും, കോടതിയിൽ സമർപ്പിച്ചിട്ടുള്ളതും. എനിക്ക് ആത്മവിശ്വാസമുണ്ട്. തുടർനടപടികൾക്കായി കാത്തിരിക്കുന്നു.’- മാത്യു കുഴൽനാടൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

സിഎംആർഎൽ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട സഹായം നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം.കേസുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയിൽ മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് നിരീക്ഷണം നടത്തിയ ശേഷമായിരുന്നു ഹർജി തള്ളിയത്.എന്നാൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഹർജിയെത്തുമ്പോൾ വാദം കേൾക്കാതെ തള്ളുന്നത് അപക്വമാണെന്ന് മാത്യു കുഴൽനാടൻ വിമർശിച്ചിരുന്നു.


Source link

Exit mobile version