KERALAMLATEST NEWS

ഷാഫിയുടെ മണ്ഡലം പിടിക്കാൻ ബിജെപിയുടെ തുറുപ്പുചീട്ട്; മത്സരിക്കുന്നിടത്തെല്ലാം വോട്ടുയർത്തുന്നതിൽ പ്രതീക്ഷ

പാലക്കാട്: ഷാഫി പറമ്പിലിന്റെ ഒഴിവിൽ വരുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വനിതാ നേതാവിനെ സ്ഥാനാർത്ഥിയാക്കുമെന്ന് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ചവച്ച ശോഭാ സുരേന്ദ്രനായിരിക്കും നറുക്ക് വീഴുകയെന്നാണ് വിവരം.

ശോഭ പാലക്കാട് മത്സരിക്കണമെന്ന് പാർട്ടിയിൽ നിന്ന് അഭിപ്രായമുയരുന്നുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിർണായകമായിരിക്കും. സി കൃഷ്ണകുമാറിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം.

മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടു വിഹിതം കുത്തനെ ഉയർത്തുന്ന ശോഭാ മാജിക് ഇക്കുറി ആലപ്പുഴയിലും ആവർത്തിക്കുകയായിരുന്നു. കഴിഞ്ഞ തവണ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നേടിയ 17.24 ശതമാനം വോട്ടുവിഹിതത്തെ ഇത്തവണ 28.3 ശതമാനത്തിലേക്കാണ് ശോഭ ഉയർത്തിയത്. 2,99,648 വോട്ടുകളാണ് ആലപ്പുഴയിൽ ശോഭ നേടിയത്. ഇതിന്റെ പിൻബലത്തിൽ ശോഭയ്ക്ക് പാലക്കാട് മണ്ഡലം പിടിക്കാനാകുമെന്നാണ് പാ‌ർട്ടിയുടെ കണക്കുകൂട്ടൽ.

അമ്പതിനായിരത്തിൽ താഴെ മാത്രം വോട്ടുകൾ നേടിയിരുന്ന പതിവിൽ നിന്ന് ഡോ.കെ.എസ്.രാധാകൃഷ്ണനാണ് ബിജെപി വോട്ടുകളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലേയ്ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉയർത്തിയത്. അതിലും വലിയ മുന്നേറ്റമാണ് ശോഭ നേടിയത്. എസ്‌എൻഡിപി വോട്ടുകളും, സ്ത്രീ വോട്ടുകളും സ്ഥാനാർത്ഥിയെ പിന്തുണച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

പാലക്കാട് നഗരസഭ, കണ്ണാട്, മാത്തൂർ, പിരായിരി പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. ഇതിൽ പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. മാത്തൂരും പിരായിരിയും യുഡിഎഫിന്റെ പക്കലും കണ്ണാടി എൽഡിഎഫിന്റെ പക്കലുമാണുള്ളത്.


Source link

Related Articles

Back to top button