പ്യോഗ്യാംഗ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ദ്വിദിന സന്ദർശനത്തിനായി ഇന്നലെ ഉത്തരകൊറിയയിലെത്തി. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി അദ്ദേഹം ചർച്ച നടത്തി. അവസാന നിമിഷംവരെ രഹസ്യാത്മകത നിറഞ്ഞതായിരുന്നു പുടിന്റെ യാത്രാപരിപാടി. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാംഗിൽ പുടിൻ എപ്പോൾ വിമാനമിറങ്ങും എന്നതിനെക്കുറിച്ച് ഒരെത്തുംപിടിയും മാധ്യമപ്രവർത്തകർക്കില്ലായിരുന്നു. മോസ്കോയിൽനിന്ന് കിഴക്കൻ റഷ്യയിലെ യാക്കുറ്റ്സ്കിൽ എത്തിയശേഷമാണു പുടിൻ ഉത്തരകൊറിയയിലേക്കു തിരിച്ചത്. ഉത്തരകൊറിയ പുടിന് വൻ സ്വീകരണമാണ് ഒരുക്കിയത്. തെരുവുകളിൽ പുടിന്റെ ചിത്രങ്ങൾ സ്ഥാപിച്ചിരുന്നു. ഉത്തരകൊറിയയിലെ കെസിടിവി ചാനലിൽ റഷ്യൻ മിലിട്ടറി സംഗീതപരിപാടികൾ ഉണ്ടായിരുന്നു. ഉത്തരകൊറിയയും റഷ്യയും തമ്മിൽ തന്ത്രപങ്കാളിത്തം വർധിപ്പിക്കുന്ന കരാർ പുടിന്റെ സന്ദർശനത്തിൽ യാഥാർഥ്യമാകും. കാൽ നൂറ്റാണ്ടിനുശേഷം പുടിൻ നടത്തുന്ന രണ്ടാമത്തെ ഉത്തരകൊറിയാ സന്ദർശനത്തിന് പാശ്ചാത്യശക്തികൾ വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് ഉത്തരകൊറിയ കൂടുതൽ ആയുധങ്ങൾ നല്കാനുള്ള തീരുമാനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. കിം ജോംഗ് ഉൻ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ റഷ്യാ സന്ദർശനത്തിനിടെ പുടിനുമായി ചർച്ച നടത്തിയിരുന്നു. പര്യടനത്തിന്റെ രണ്ടാം ഘട്ടമായി പുടിൻ ഇന്ന് വിയറ്റ്നാം സന്ദർശിക്കും.
Source link