KERALAMLATEST NEWS

കൊച്ചിയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ 338പേർക്ക് ഛർദിയും വയറിളക്കവും, രോഗകാരണം കുടിവെള്ളമെന്ന് സംശയം

കൊച്ചി: ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന 338പേർക്ക് ഛർദിയും വയറിളക്കവും. കൊച്ചി കാക്കനാടാണ് സംഭവം. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നതായി ഫ്ലാറ്റ് ഓണേഴ്‌സ് അസോസിയേഷൻ പറഞ്ഞു. വിശദമായ റിപ്പോർട്ട് വന്നശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുകയുള്ളു. ജല അതോറിറ്റി, മഴവെള്ള സംഭരണി, കുഴൽക്കിണർ, കിണർ, ടാങ്കർ എന്നിവിടങ്ങളിലെ വെള്ളമാണ് ഫ്ലാറ്റിലെ താമസക്കാർ ഉപയോഗിക്കുന്നത്.

മേയ് മാസം അവസാനത്തോടെയാണ് രോഗലക്ഷണങ്ങൾ തുടങ്ങിയത്. ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ ഇന്നലെ വിളിച്ച് പരാതി പറഞ്ഞശേഷമാണ് ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തിയതെന്ന് താമസക്കാർ പറയുന്നു. അഞ്ഞൂറിലധികം പേർക്ക് രോഗബാധയുണ്ടായെന്ന് സംശയിക്കുന്നതായി ഫ്ലാറ്റിലെ താമസക്കാർ പറഞ്ഞു.

ഫ്ലാറ്റിലുള്ളവർ ഇന്നലെയാണ് വിളിച്ച് പ്രശ്‌നം പറയുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഉടൻതന്നെ ഡിഎച്ച്‌എസിനെ വിളിച്ച് വിവരം പറഞ്ഞു. സ്വകാര്യ ആശുപത്രിയിലാണ് മിക്കവരും ചികിത്സ തേടിയത്. ആരോഗ്യവകുപ്പിൽ ഈ വിവരം ഉണ്ടായിരുന്നില്ല. സീനിയർ ഡോക്‌ടർമാർ ഫ്ലാറ്റുകളിൽ പരിശോധന നടത്തി വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു. താമസക്കാരുമായി ആശയവിനിമയം നടത്തി. ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കാത്തതിനാൽ പ്രശ്‌നങ്ങൾ വർദ്ധിക്കുന്നുണ്ട്. വിഷയത്തെ ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. 340പേർക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. അഞ്ചുപേർ ചികിത്സയിലാണ്. ബോധവൽക്കരണ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button