രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു; സംഭവം പുനലൂരിൽ
പുനലൂർ: കൊല്ലം പുനലൂർ മണിയാറിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിക്കാണ് സംഭവം നടന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇവർക്ക് മിന്നലേറ്റത്. രാവിലെ മുതൽ പ്രദേശത്ത് ചെറിയ തോതിൽ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. മിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റ ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇതിനിടെ കണ്ണൂർ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. തോട്ടട സ്വദേശി ഗംഗാധരന്റെ വീടിന്റെ ഭിത്തിക്കും ജനാലയ്ക്കുമാണ് ഇടിമിന്നലിൽ കേടുപാടുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെയായിരുന്നു അപകടം. എറണാകുളത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടി മിന്നലിൽ ജോർജിന്റെ വള്ളവും തകർന്നു.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Source link