3ഡി ക്യാമറ, 10 മടങ്ങ് വലിപ്പത്തിൽ വ്യക്തത; മികവോടെ റോബട്ടിക് സർജറി
3ഡി ക്യാമറ, 10 മടങ്ങ് വലിപ്പത്തിൽ വ്യക്തത; മികവോടെ റോബട്ടിക് സർജറി – Robotic surgery | Healthcare | Health News
3ഡി ക്യാമറ, 10 മടങ്ങ് വലിപ്പത്തിൽ വ്യക്തത; മികവോടെ റോബട്ടിക് സർജറി
ആരോഗ്യം ഡെസ്ക്
Published: June 18 , 2024 11:58 AM IST
2 minute Read
Representative Image. Photo Credit : Whyframestudio / iStockPhoto.com
മണിക്കൂറുകൾ നീളുന്ന സർജറികളിൽ സർജന് ഒരു സൂപ്പർ പവർ ലഭിച്ചാൽ എങ്ങനെ ഉണ്ടാകും? കൃത്യത, സൂക്ഷ്മത എന്നിവ ഉറപ്പാക്കി സങ്കീർണതകൾ നിറഞ്ഞ സർജറികൾ പൂർത്തിയാക്കാൻ സർജനെ സഹായിക്കുന്നതാണ് റോബോട്ടിക് സർജറി. ആരോഗ്യ മേഖലയിൽ സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതന സംഭാവനയാണ് റോബോട്ടിക് സർജറി. ഡാവിഞ്ചി എക്സ് ഐ സീരീസ് റോബോട്ട് ആണ് ഇപ്പോഴത്തെ താരം.
ഈ റോബോട്ടിന് നാല് കരങ്ങളാണ് ഉളളത്. ഈ റോബോട്ടിക് ആം ഉപയോഗിച്ചാണ് രോഗിയുടെ ശരീര ഭാഗങ്ങളെ കീറിമുറിക്കുന്നതും, തുന്നലിടുന്നതുമെല്ലാം. നാല് കൈകളിലൊന്നിൽ സീറോ ഡിഗ്രി, 15 ഡിഗ്രി, 30 ഡിഗ്രി എന്നിങ്ങനെ പല ആംഗിളുകളിൽ തിരിയുന്ന ടെലിസ്കോപ്പുണ്ട്. മറ്റു മൂന്നു കരങ്ങൾ ശസ്ത്രക്രിയയ്ക്ക് വേണ്ടുന്ന വിവിധത്തിൽ അനുയോജ്യമായി സംവിധാനം ചെയ്യാനും കഴിയും. 3ഡി ക്യാമറ സംവിധാനത്തിലൂടെ രോഗിയുടെ ശരീര ഭാഗങ്ങൾ 10 മടങ്ങ് വലിപ്പത്തിൽ വ്യക്തമായി കാണാനാകും. ശരീരഭാഗങ്ങൾ വളരെ വ്യക്തതയോടെ നിരീക്ഷിക്കുന്നതിനും, കൃത്യതയോടും, സൂക്ഷ്മമതയോടും ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ ഉപകരണങ്ങൾ നിയന്ത്രിക്കുന്നതിനും സർജനെ സഹായിക്കുന്നു.
Representative Image. Photo Credit : Whyframestudio / iStockPhoto.com
റാഡിക്കൽ പ്രോസ്റ്റേറ്റക്ടമി സർജറിക്ക് റോബോട്ടിക് സാങ്കേതിക വിദ്യയാണ് കൂടുതൽ ഫലപ്രദമെന്ന് രാജഗിരി യൂറോളജി വിഭാഗം മേധാവി ഡോ.ബാലഗോപാൽ നായർ സാക്ഷ്യപ്പെടുത്തുന്നു. പെൽവിസ് അസ്ഥിയുടെ പുറകിലായാണ് പ്രോസ്റ്റേറ്റ് എന്നതിനാൽ സർജറിക്ക് ശേഷം മൂത്രസഞ്ചിയേയും, മൂത്രനാളിയേയും തമ്മിൽ ബന്ധിപ്പിച്ച് തുന്നലിടുന്നത് വലിയ ശ്രമകരമായ ദൗത്യമാണ്. റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ ചെറിയ ഇടത്തിലൂടെ ശസ്ത്രക്രിയ നടത്താനും,സൂക്ഷ്മതയോടെ കൃത്യമായി തുന്നലിടാനും വളരെ എളുപ്പത്തിൽ സാധിക്കുന്നു.അതിനാൽ തന്നെ പരമ്പരാഗത ഓപ്പൺ പ്രോസ്റ്ററ്റെക്ടമിയെക്കാൾ വേഗത്തിൽ സുഖം പ്രാപിക്കാനും, സർജറിക്ക് ശേഷം ചിലരിലെങ്കിലും കാണാറുളള മൂത്രം പോക്ക്, ഉദ്ധാരണ കുറവ് എന്നിവയ്ക്കുളള സാധ്യത കുറയുന്നുവെന്നതും റോബോട്ടിക് സർജറിയുടെ നേട്ടമായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
റോബട്ടിക് സർജറി എന്ത്, എന്തുകൊണ്ട്?സങ്കീർണമായ ശസ്ത്രക്രിയകളിൽ സർജന് സഹായമാകുന്ന മിനിമലി ഇൻവേസിവ് സർജറിയാണ് റോബട്ടിക് സർജറി. റോബട്ടിക് സർജറിയെന്നാൽ പൂർണമായും റോബട്ട് ആണ് സർജറി ചെയ്യുന്നതെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്. ഇതു ശരിയല്ല. റോബട്ടിന്റെ സഹായത്തോടെ സർജനാണ് ശസ്ത്രക്രിയ നടത്തുക. കൺസോളിൽ ഇരിക്കുന്ന സർജൻ്റെ കൈയുടെ ചലനങ്ങൾ തത്സമയം വിവർത്തനം ചെയ്യുകയാണ് റോബട്ട് ചെയ്യുന്നത്. അതായത് സർജന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ശസ്ത്രക്രിയ ഉപകരണങ്ങൾ വളയ്ക്കുകയും തിരിക്കുകയും ചെയ്യുന്നു. ഓപ്പൺ സർജറി, ലാപ്രോസ്കോപ്പി തുടങ്ങിയ പരമ്പരാഗത രീതിയിൽ ചെയ്യാൻ പ്രയാസമുള്ള ശസ്ത്രക്രിയകൾക്കാണ് സാധാരണ റോബട്ടിക് ശസ്ത്രക്രിയ രീതി തിരഞ്ഞെടുക്കുന്നത്. റോബട്ടിക് സർജറിക്ക് ഒരു തരത്തിൽ കീഹോൾ സർജറിയുമായി സമാനതയുണ്ട്. ലാപ്രോസ്കോപിക് കീഹോൾ സർജറിയേക്കാൾ സാങ്കേതിക മികവിന്റെ കാര്യത്തിലും സൂക്ഷ്മതയുടെ കാര്യത്തിലും കുറച്ചുകൂടി മുന്നിലാണ് റോബട്ടിക് സർജറി. റോബട്ടിന്റെ നാല് കരങ്ങളിലൊന്നിൽ പല ആംഗിളുകളിൽ തിരിയുന്ന എൻഡോസ്കോപ്പും (ക്യാമറ), മറ്റു മൂന്നു കരങ്ങളിൽ ശസ്ത്രക്രിയ ഉപകരണങ്ങളും സർജറിക്ക് വേണ്ടുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു. എന്നാൽ ഈ റോബട്ടിക് കരങ്ങളുടെ കൺട്രോൾ സർജന്റെ കയ്യിലായിരിക്കുമെന്നു മാത്രം. രോഗിയിൽ നിന്ന് അൽപം അകലെയുള്ള കൺസോളിലിരുന്നാണ് ശസ്ത്രക്രിയാ വിദഗ്ധൻ ഈ കരങ്ങളെ നിയന്ത്രിക്കുന്നത്.
റോബട്ട് ചെയ്യുന്നതിന്റെ പ്രയോജനങ്ങൾശസ്ത്രക്രിയയുടെ സൂക്ഷ്മതയും കൃത്യതയും ഉറപ്പാക്കാൻ റോബട്ടിക് സാങ്കേതീക വിദ്യ സഹായിക്കുന്നു എന്നതാണ് റോബട്ടിക് സർജറിയുടെ പ്രധാന സവിശേഷത. സർജിക്കൽ സൈറ്റിന്റെ 3D ഹൈ-ഡെഫനിഷൻ കാഴ്ച സർജൻ ഇരിക്കുന്ന കൺസോളിൽ ലഭിക്കും. റോബട്ടിന്റെ മാഗ്നിഫൈഡ് വ്യൂ (സ്റ്റീരിയോ വ്യൂവർ) ഉപയോഗിച്ച് ഡോക്ടർക്ക് സർജറി ചെയ്യുന്ന ഭാഗം കൂടുതൽ കൃത്യതയോടെ കാണാൻ കഴിയും. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയുടെ വേദന കുറവായിരിക്കുമെന്നതിനാൽ അധികനാൾ ആശുപത്രിവാസം തുടരേണ്ടി വരില്ല. ശരീരത്തിൽ വളരെ ചെറിയ മുറിവു മാത്രമേ ഉണ്ടാകുന്നുള്ളു എന്നതുകാരണം ഓപ്പൺ സർജറിയിൽ സംഭവിക്കുന്നതുപോലെ അധിക രക്തസ്രാവവും ഉണ്ടായിരിക്കില്ല. മുറിവിൽ നിന്നുള്ള അണുബാധയുടെ സാധ്യതയും കുറയുന്നു.
കൺസോളിൽ ഇരുന്ന് സ്റ്റീരിയോ വ്യൂവറിലൂടെ നോക്കിയാണ് സർജൻ റോബട്ടിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത്. അതായത് സ്റ്റീരിയോ വ്യൂവറിൽ നിന്ന് സർജന്റെ ശ്രദ്ധ മാറിയാൽ റോബട്ടിക് കരങ്ങൾ നിശ്ചലമാകുന്നു. ഇത് സർജറിയുടെ സൂക്ഷ്മത ഉറപ്പാക്കുന്നു. അതിസൂക്ഷ്മമായ ടിഷ്യൂകൾ കൈകാര്യം ചെയ്യുന്നതിനും തുന്നലുകൾ നടത്തുന്നതിനും, മുഴകൾ നീക്കം ചെയ്യുന്നതിനും മറ്റു നടപടിക്രമങ്ങൾക്കും ശസ്ത്രക്രിയാ വിദഗ്ധന് വളരെ സഹായകരമാണ്. റോബട്ടിക് സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തുന്നതെങ്കിലും, സുപ്രധാനമായ ക്ലിനിക്കൽ തീരുമാനങ്ങൾ എടുക്കുന്നത് സർജൻ തന്നെയായിരിക്കുമെന്ന് ചുരുക്കം.
English Summary:
Unlocking the Future: How Robotic Technology Enhances Surgical Precision
mo-health-healthnews 4lt8ojij266p952cjjjuks187u-list 6mrptmaoelv9ls0h2c1fd50k8v mo-health-healthtips mo-health-healthcare mo-health 6r3v1hh4m5d4ltl5uscjgotpn9-list mo-health-robotic-surgery
Source link