കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ തുടർച്ചയായി ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നമായി അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പാർട്ടിയുടെ ഉന്നതാധികാര സമിതിയിലാണ് ചിഹ്നം അംഗീകരിച്ചത്. പാർട്ടിയുടെ സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെയർമാൻ പി ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും.
കേരള കോൺഗ്രസുകാരുടെ പോരാട്ടം നടന്ന മണ്ഡലമായിരുന്നു ഇക്കുറി കോട്ടയം. 1977ന് ശേഷം കേരള കോൺഗ്രസ് നേർക്കുനേർ വന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു. കേരള കോൺഗ്രസിന്റെ ജോസഫ് പക്ഷ സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജാണ് ഇത്തവണ മണ്ഡലം കീഴടക്കിയത്.
സിറ്റിംഗ് എംപിയായ തോമസ് ചാഴിക്കാടനേക്കാൾ 86,750 വോട്ടുകൾ നേടിയാണ് ഫ്രാൻസിസ് ജോർജ് (358,646) മുന്നിലെത്തിയത്. തിരഞ്ഞെടുപ്പിൽ വൈകി അനുവദിച്ച് കിട്ടിയതെങ്കിലും ജോസഫ് വിഭാഗത്തിന് ഓട്ടോറിക്ഷ ഭാഗ്യചിഹ്നമായി മാറുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജയത്തോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫ് മുന്നണിയില്‍ കൂടുതല്‍ ശക്തരായി മാറിയിരിക്കുകയാണ്. 271,896 വോട്ടുകൾ നേടിയാണ് ചാഴിക്കാടൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 1,61,897 വോട്ടുകൾ ബിഡിജെഎസ് സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി നേടിയതും ചാഴിക്കാടന് തിരിച്ചടിയായി മാറുകയായിരുന്നു.
Source link