KERALAMLATEST NEWS

അവിയലും സാമ്പാറും ഉടൻ അപ്രത്യക്ഷമാകും, കേരളത്തിലെ പച്ചക്കറിവില ഉയരുന്നതിന് കാരണം

പാലക്കാട്: സംസ്ഥാനത്തെ പച്ചക്കറിയുടെ വില കുതിച്ചുയരുകയാണ്. മഴ കുറവായതിനെ തുടർന്ന് തമിഴ്നാട്ടിൽ പച്ചക്കറിയുടെ ഉൽപ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുളള ഇറക്കുമതിയും കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുളള പാലക്കാട്ടെ വേലന്താവളം മാർക്കറ്റിൽ പച്ചക്കറി ഇറക്കുമതി ചെയ്യുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെയാണ് പച്ചക്കറിയുടെ വില കുത്തനെ ഉയർന്നത്.

മുൻപ് പടവലത്തിന് 15 രൂപയായിരുന്നു വില. ഇപ്പോഴത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന തക്കാളി 60 രൂപയിലെത്തിയിട്ടുണ്ട്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്കും 40 രൂപ വിലയുളള കടച്ചക്ക 60 രൂപയായും ഉയർന്നു.30 രൂപ വിലയുള്ള പയർ 80 രൂപയായി ഉയർന്നു.

കേരളത്തിലെ ഏറ്റവും കൂടുതൽ തിരക്കുളള മാർക്കറ്റുകളിലൊന്നാണ് വേലന്താവളത്തേത്. സാധാരണ രാവിലെ ഇവിടെയെത്തിക്കഴിഞ്ഞാൽ കച്ചവടക്കാരുടെയും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെയും തിരക്ക് നിയന്ത്രിക്കുന്നതിലുമപ്പുറമായിരിക്കും. എന്നാൽ ഇപ്പോഴത്തെ മാർക്കറ്റിന്റെ അവസ്ഥ ദയനീയമാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു.

തമിഴ്നാട്ടിൽ മഴ കുറവായതിനാൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതാണ് കാരണം. ഇതോടെ എല്ലാ പച്ചക്കറികളുടെയും വില കുത്തനെ ഉയർന്നിട്ടുണ്ട്. ഈ അവസ്ഥ തുടരുകയാണെങ്കിൽ വില ഇനിയും വർദ്ധിച്ചേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.പാലക്കാടൻ ഗ്രാമങ്ങളിൽ നിന്നുള്ള പച്ചക്കറികളാണിപ്പോൾ വേലന്താവളം മാർക്കറ്റിൽ കൂടുതലായി എത്തുന്നത്. കൊച്ചി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറികൾ പോകുന്നതും വേലന്താവളം മാർക്കറ്റ് വഴിയാണ്. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന മാർക്കറ്റ് വീണ്ടും പഴയ സ്ഥിതിയില്ലെത്തണമെങ്കിൽ തമിഴ്നാട്ടിലെ കാലാവസ്ഥയിൽ മാറ്റമുണ്ടാകണമെന്നാണ് വ്യാപാരികൾ പറയുന്നത്.


Source link

Related Articles

Back to top button