രാഹുലിന്റെ സ്വന്തം മണ്ഡലം നാളെ അറിയാം

ന്യൂഡൽഹി: ജയിച്ച രണ്ടു മണ്ഡലങ്ങളിൽ ഏതാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുക്കുന്നതെന്ന് നാളെ വ്യക്തമാക്കുമെന്ന് സൂചന. വയനാട് ഒഴിയാനും റായ്ബെറേലി സ്വീകരിക്കാനുമാണ് സാദ്ധ്യത.

24ന് ആദ്യസമ്മേളനം തുടങ്ങുംമുമ്പ് ഏതു മണ്ഡലം നിലനിറുത്തുമെന്ന് ലോക് സഭാ സെക്രട്ടേറിയറ്റിനെ റിയിച്ചേ തീരൂ. മണ്ഡലത്തിന്റെ പേര് എടുത്തുപറഞ്ഞാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യേണ്ടത്.രാജ്യസഭയിലേക്ക് മാറിയ സോണിയാ ഗാന്ധിയുടെ പിൻഗാമിയായി ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ യു.പിയിലെ റായ്ബറേലി നിലനിർത്തേണ്ട ബാദ്ധ്യത രാഹുലിനുണ്ട്.

അതേസമയം, 2019ൽ സിറ്റിംഗ് സീറ്റായ അമേഠിയിൽ പരാജയപ്പെട്ടപ്പോൾ രാഹുലിനെ രക്ഷിച്ചത് വയനാടാണ്. ആ മമതയ്ക്ക് കോട്ടം തട്ടാതിരിക്കാനും ബന്ധം നിലനിറുത്താനും വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് തത്‌ക്കാലം ഇറങ്ങേണ്ടെന്ന നിലപാടിൽ പ്രിയങ്ക വിട്ടുവീഴ്‌ച ചെയ്യുമോ എന്നു വ്യക്തമല്ല.

രാഹുൽ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവാകുമോയെന്നും അടുത്തയാഴ്‌ച അറിയാം. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിന് ഇക്കുറി ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹതയുണ്ട്. രാഹുൽ ഗാന്ധി പദവി ഏറ്റെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കിയിരുന്നു. രാഹുൽ തീരുമാനം പറഞ്ഞിട്ടില്ല. പാർലമെന്റ് സമ്മേളനം തുടങ്ങുമ്പോൾ ഇക്കാര്യത്തിലും തീരുമാനം പ്രഖ്യാപിച്ചേ തീരൂ.


Source link

Exit mobile version