ബംഗളൂരു: സംസ്ഥാനത്തെ പെട്രോൾ, ഡീസൽ വില കൂട്ടിയ നടപടിയെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ധനനിരക്ക് വർദ്ധിപ്പിച്ചത് പൊതുഗതാഗത സംവിധാനങ്ങൾക്ക് ധനസഹായം നൽകാൻ സഹായമാകും. മൂന്ന് രൂപയാണ് വർദ്ധിപ്പിച്ചത്. എന്നാൽ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കുറഞ്ഞ നിരക്കാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
കേന്ദ്രം നികുതി വർദ്ധിപ്പിച്ചപ്പോൾ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ സംസ്ഥാന നികുതി കുറച്ച് ജനങ്ങളെ വഞ്ചിച്ചു. ഈ കൃത്രിമം സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി കുറയുന്നതിനും കേന്ദ്രത്തിന്റെ ഖജനാവിലേക്ക് കൂടുതൽ പണം എത്തുന്നതിനും വഴിവച്ചു. ഇതിലൂടെ കർണാടകത്തിലെ ജനങ്ങളെ വഞ്ചിച്ചു. ‘വിൽപനനികുതി വർദ്ധിപ്പിച്ചതിന് ശേഷവും സംസ്ഥാനത്തെ ഇന്ധനനിരക്ക് പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാളും മഹാരാഷ്ട്രയേക്കാളും കുറവാണ്. സംസ്ഥാനത്തെ പുതിയ നിരക്ക് ജനങ്ങൾക്ക് താങ്ങാനാകുന്നതാണ്.
ശനിയാഴ്ചയാണ് കർണാടകത്തിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വിൽപ്പനനികുതി സംസ്ഥാന സർക്കാർ വർധിപ്പിച്ചത്. പെട്രോളിന് മൂന്നുരൂപയും ഡീസലിന് 3..5 രൂപയും കൂടി. ഇതോടെ 99.83 രൂപയായിരുന്ന പെട്രോളിന് 102.83 രൂപയും 85.93 രൂപയായിരുന്ന ഡീസലിന് 88.98 രൂപയുമായി. വില വർധിപ്പിച്ചതിലൂടെ സാമ്പത്തികവർഷം 2,500 മുതൽ 2,800 കോടി രൂപവരെ ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Source link