യുവധാര സാഹിത്യ പുരസ്കാരം സി.ആർ പുണ്യയ്ക്കും റോബിൻ എഴുത്തുപുരയ്ക്കും
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐയുടെ മുഖമാസിക യുവധാര ഏർപ്പെടുത്തിയ സാഹിത്യപുരസ്കാരത്തിന് സി.ആർ പുണ്യയും (കഥ-ഫോട്ടോ) റോബിൻ എഴുത്തുപുരയും (കവിത-എളാമ്മയുടെ പെണ്ണ്) അർഹരായി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ കുരീപ്പുഴ ശ്രീകുമാർ അറിയിച്ചു. കഥാവിഭാഗം പ്രത്യേക ജൂറി പുരസ്കാരങ്ങൾ:വിമീഷ് മണിയൂർ (ജവഹർ),ഹരികൃഷ്ണൻ തച്ചാടൻ (പാത്തുമ്മയുടെ വീട്),പി.എം മൃദുൽ (ജലശയ്യയിൽ കുളിരമ്പിളി). കവിതാവിഭാഗം പ്രത്യേക ജൂറി പുരസ്കാരങ്ങൾ:സിനാഷ (എവിടെയാണെന്ന് ചോദിക്കരുത്),ആർ.ബി അബ്ദുൾറസാക്ക് (പാടവരിയും കാറ്റുവിളി നൃത്തവും),കെ.വി അർജുൻ (കടൽ വറ്റുമ്പോഴുള്ള മീനുകൾ). കുരീപ്പുഴ ശ്രീകുമാർ,വിനോദ് വൈശാഖി,ഷീജ വക്കം എന്നിവരടങ്ങുന്ന ജൂറി കവിതാപുരസ്കാരങ്ങളും സന്തോഷ് എച്ചിക്കാനം,കെ.രേഖ,ഡോ.എ.കെ അബ്ദുൾ ഹക്കിം എന്നിവരടങ്ങുന്ന ജൂറി കഥാപുരസ്കാരങ്ങളും തിരഞ്ഞെടുത്തു. യുവധാര പബ്ലിഷർ വി.കെ സനോജ്,ചീഫ് എഡിറ്റർ വി. വസീഫ്,മാനേജർ എം.ഷാജർ,എഡിറ്റർ ഡോ.ഷിജൂഖാൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സാന്ദീപനി സേവാ പുരസ്കാരം
സീമാ ജി നായർക്ക്
തിരുവനന്തപുരം: കാലടി സാന്ദീപനി സേവാ ട്രസ്റ്റ് ഏർപ്പെടുത്തിയ സാന്ദീപനി സേവാ പുരസ്കാരം ചലച്ചിത്ര ടി.വി താരവും ജീവകാരുണ്യ പ്രവർത്തകയുമായ സീമാ ജി. നായർക്ക്. 10,001 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 23ന് കാലടി ബോധാനന്ദ ആശ്രമം ഗ്രൗണ്ടിൽ വൈകിട്ട് 4.40ന് നടക്കുന്ന വാർഷികാഘോഷത്തിൽ സംവിധായകൻ വിജി തമ്പി പുരസ്കാരം സമ്മാനിക്കും. ജനം ടി.വി മാനേജിംഗ് ഡയറക്ടർ ചെങ്കൽ എസ്.രാജശേഖരൻ നായർ മുഖ്യാതിഥിയാകും.
ഗൗരി ലക്ഷ്മി ഭായിക്കും
രാജീവ് ചന്ദ്രശേഖറിനും
ചിത്തിര തിരുനാൾ പുരസ്കാരം
തിരുവനന്തപുരം: കലാ-സാംസ്കാരികം, പൊതുപ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽ സംഭാവന ചെയ്തവർക്ക് ശ്രീ ചിത്തിര തിരുനാൾ ട്രസ്റ്റ് നൽകുന്ന 2022ലെ ദേശീയ അവാർഡിന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായിയും 2023ലെ അവാർഡിന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും അർഹരായി. രണ്ട് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 23ന് വൈകിട്ട് 5ന് തമ്പാനൂർ ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുരസ്കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാനും മുൻ അംബാസഡറുമായ ടി.പി.ശ്രീനിവാസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ടി.പി.ശ്രീനിവാസൻ, ടി.സതീഷ് കുമാർ, പി.കെ.ലംബോദരൻ നായർ, കേണൽ ആർ.ജി.നായർ, ചിത്തിര തിരുനാൾ സ്കൂൾ പ്രിൻസിപ്പൽ എസ്.പുഷ്പവല്ലി എന്നിവരാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ചടങ്ങിൽ ടി.പി.ശ്രീനിവാസൻ എഴുതിയ ’ഡിപ്ലോമസി ലിബറേറ്റഡ്’ എന്ന പുസ്തകം രാജീവ് ചന്ദ്രശേഖർ ജസ്റ്റിസ് ദേവൻ രാമചന്ദ്രന് നൽകി പ്രകാശനം ചെയ്യും.
Source link