മുരളിയുടെ തോൽവി , സമൂഹ മാദ്ധ്യമ പോസ്റ്റുകൾ പിൻവലിക്കണം: ശ്രീകണ്ഠൻ

തൃശൂർ: കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് ചിലരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ ഇട്ട പോസ്റ്റുകൾ 24 മണിക്കൂറിനുള്ളിൽ പിൻവലിച്ചില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ. പാർട്ടിക്കെതിരെ പരസ്യപ്രചാരണം നടത്തുന്നവർക്ക് സംരക്ഷണം നൽകുന്നത് ഏത് മുതിർന്ന നേതാവായാലും നടപടിയുണ്ടാകും.
തോൽവിക്കു പിന്നാലെ പല കോൺഗ്രസ് ഓഫീസുകൾക്ക് മുന്നിലും പോസ്റ്ററും ബോർഡും പ്രത്യക്ഷപ്പെട്ടിരുന്നു. തോൽവിയെ തുടർന്നുള്ള വികാരത്തിൽ കോൺഗ്രസ് പ്രവർത്തകർ ചെയ്തിട്ടുണ്ടാകാം. എന്നാൽ, ഇതു മുതലെടുത്ത് മറ്റാരെങ്കിലും പോസ്റ്റർ ഒട്ടിക്കുകയോ ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. അതിനെതിരെ പ്രവർത്തകർ ജാഗ്രത പുലർത്തണം. അച്ചടക്ക രാഹിത്യം അനുവദിക്കില്ല. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുണ്ടായ സംഭവങ്ങളിൽ കേസുമായി മുന്നോട്ട് പോകണമോയെന്നത് സംബന്ധിച്ച് പാർട്ടി നേതൃത്വം ആലോചിച്ച് തീരുമാനിക്കും.
ചുമതലയേറ്റു
കെ. മുരളീധരന്റെ തോൽവിയെ തുടർന്നുണ്ടായ വിവാദങ്ങൾക്കു പിന്നാലെ തൃശൂർ ഡി.സി.സിയുടെ താത്കാലിക പ്രസിഡന്റായി വി.കെ.ശ്രീകണ്ഠൻ എം.പി ചുമതലയേറ്റു. മുൻപ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠനെ സ്വീകരിച്ചു.
തെളിവെടുപ്പ് നാളെ
കെ.മുരളീധരന്റെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി നിയോഗിച്ച കെ.സി.ജോസഫ്, ടി.സിദ്ദിഖ്, ആർ.ചന്ദ്രശേഖരൻ എന്നിവരടങ്ങിയ സമിതി നാളെ തൃശൂരിലെത്തി തെളിവെടുക്കും. രാവിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച. ഉച്ചയ്ക്കുശേഷം 14 ബ്ലോക്ക് പ്രസിഡന്റുമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണും. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കായി ഒ.അബ്ദു റഹിമാൻ കുട്ടി, അനിൽ അക്കര എന്നിവരടങ്ങുന്ന സമിതിക്ക് രൂപം നൽകി.
Source link