ശ്രീഹരിക്കും ഷിബുവിനും ജന്മനാടിന്റെ യാത്രാമൊഴി
ചങ്ങനാശ്ശേരി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഇത്തിത്താനം കിഴക്കേടത്ത് വീട്ടിൽ ശ്രീഹരി, പായിപ്പാട് പാലത്തിങ്കൽ ഷിബു വർഗീസ് എന്നിവർക്ക് നാട് കണ്ണീരോടെ വിട നൽകി. തുരുത്തി യൂദാപുരം സെന്റ് ജൂഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ശ്രീഹരിയുടെ മൃതദേഹം ഇന്നലെ രാവിലെ എട്ടോടെ വീട്ടിലെത്തിച്ചു. അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയശേഷം അനുജൻ ആനന്ദ് ചിതയ്ക്ക് തീകൊളുത്തി. ശരീരം അഗ്‌നിയേറ്റ് വാങ്ങുമ്പോൾ അച്ഛൻ പ്രദീപും, അമ്മ ദീപയും, ജ്യേഷ്ഠൻ അർജ്ജുനും നിറകണ്ണുകളോടെ സാക്ഷിയായി നിന്നു.
തിരുവല്ല പുഷ്പഗിരി ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ ഷിബു വർഗീസിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വൻജനാവലിയാണ് ഒരു നോക്കു കാണാൻ എത്തിയത്. പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നോടെ പായിപ്പാട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാപള്ളിയിൽ ശുശ്രൂഷ നടത്തി. ഭാര്യ റോസിയും മകൻ എയ്ഡനും അന്ത്യയാത്ര നൽകിയതോടെ സംസ്‌കാരത്തിനായി മൃതദേഹം കല്ലറയിലേക്കെടുത്തു.
Source link