എസ്.ഐയെ കാറിടിപ്പിച്ച യുവാവ് പിടിയിൽ

പാലക്കാട്: തൃത്താലയിൽ എസ്.ഐയെ കാറിടിപ്പിച്ച കേസിലെ പ്രതി ഞാങ്ങാട്ടിരി സ്വദേശി അലൻ (19) പട്ടാമ്പിയിൽ പിടിയിലായി. അപകടസമയത്ത് കൂടെയുണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി അജീഷിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും കേസെടുത്ത് അന്വേഷണം നടത്തവേയാണ് പ്രതി പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി 10.30ഓടെയായിരുന്നു സംഭവം. തൃത്താല സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിൽ വെള്ളിയാങ്കല്ലിൽ സംശയാസ്പദമായി നിറുത്തിയിട്ടിരുന്ന കാറിലുണ്ടായിരുന്നവർ പൊലീസിനെ കണ്ടതും കടക്കാൻ ശ്രമിച്ചു. കൈകാണിച്ചെങ്കിലും നിറുത്താതെ പോയ കാർ എസ്.ഐ ശശികുമാറിനെ മനഃപൂർവം ഇടിച്ചു വീഴ്ത്തിയെന്ന് തൃത്താല സി.ഐ വ്യക്തമാക്കി.
വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനയുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മകൻ അലനാണ് വാഹനമോടിച്ചത്. സംഭവത്തിൽ പരിക്കേറ്റ എസ്.ഐ ശശികുമാർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Source link