സെന്റ് ലൂസിയ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് ബി യിലെ നിർണായക മത്സരത്തിൽ സ്കോട്ലൻഡിനെ അഞ്ചു വിക്കറ്റിനു തകർത്ത് കരുത്തരായ ഓസ്ട്രേലിയ ഗ്രൂപ്പ് ചാന്പ്യന്മാരായി. ഓസീസിന്റെ ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സൂപ്പർ എട്ടിലെത്തി. സ്കോർ സ്കോട്ലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സ്. ഓസ്ട്രേലിയ 19.4 ഓവറിൽ അഞ്ചു വിക്കറ്റിന് 186. തോൽവിയോടെ സ്കോട്ലൻഡ് സൂപ്പർ എട്ട് കാണാതെ പുറത്തായി. ഓപ്പണർ ട്രാവിസ് ഹെഡും മാർക്കസ് സ്റ്റോയിനിസും നടത്തിയ ബാറ്റിംഗ് പ്രകടനത്തിലാണ് ഓസ്ട്രേലിയ ജയിച്ചത്. രണ്ടു സിക്സും ഒൻപത് ബൗണ്ടറിയും ചേർന്ന് 29 പന്തിൽ 59 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. 49 പന്തിൽ നാല് സിക്സും അഞ്ച് ബൗണ്ടറിയും സഹിതം 68 റണ്‍സാണ് ഹെഡ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന സ്കോട്ലൻഡ് കരുത്തരായ ഓസീസിനെതിരേ മികച്ച പ്രകടനമാണു പുറത്തെടുത്തത്. 34 പന്തിൽ ആറ് സിക്സും രണ്ട് ബൗണ്ടറിയും സഹിതം 60 റണ്‍സ് നേടിയ ബ്രൻഡൻ മക്കല്ലൻ, 23 പന്തിൽ മൂന്നു സിക്സിന്റെയും രണ്ടു ഫോറിന്റെയും അകന്പടിയിൽ 35 റണ്‍സ് നേടിയ ജോർജ് മുൻസി, 31 പന്തിൽ ഒരു ഫോറിന്റെയും രണ്ടു സിക്സിന്റെയും സഹായത്താൽ 42 റണ്‍സ് നേടിയ ക്യാപ്റ്റൻ റിച്ചി ബെറിംഗ്ടണ്‍ എന്നിവരുടെ പ്രകടനമാണു സ്കോട്ടിഷ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. വിയർത്തു, പക്ഷേ കീഴടങ്ങിയില്ല മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസീസിനു രണ്ടാം ഓവറിൽ ഡേവിഡ് വാർണറെ (1) നഷ്ടമായി. ആറോവർ പൂർത്തിയാകും മുന്‍പ് മിച്ചൽ മാർഷും (8) പുറത്തായി. പവർ പ്ലേയിൽ 36 റണ്‍സ് മാത്രമാണ് ഓസീസ് നേടിയത്. സ്കോർ 60ലെത്തിയപ്പോൾ മാക്സ്വെല്ലും (11) പുറത്തായി. ഇതോടെ ഓസീസ് തോൽക്കുമെന്നും ഇംഗ്ലണ്ട് പുറത്താകുമെന്നും കരുതി. ഒരറ്റത്ത് വിക്കറ്റ് വീഴുന്പോഴും മറുവശത്ത് ഹെഡ് പിടിച്ചുനിന്നു. നാലാം വിക്കറ്റിൽ ഹെഡിനൊപ്പം സ്റ്റോയിനിസ് ചേർന്നതോടെ ഓസീസ് സ്കോറിനു ജീവൻ വച്ചു. 44 പന്തിൽ ഇരുവരും 80 റണ്‍സാണ് നേടിയത്. ഹെഡും സ്റ്റോയിനിസും പുറത്തായശേഷം 14 പന്തിൽ 24 റണ്‍സുമായി പുറത്താകാതെ നിന്ന ടിം ഡേവിഡിന്റെ പ്രകടനമാണ് ഓസീസിനു ജയം സമ്മാനിച്ചത്.സ്കോട്ലൻഡിനായി മാർക്ക് വാട്ട്, സഫ്യാൻ ഷരിഫ് എന്നിവർ രണ്ടും ബ്രാഡ് വീൽ ഒരു വിക്കറ്റും നേടി. ഇംഗ്ലണ്ട് ജയം ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ നമീബിയയെ ഇംഗ്ലണ്ട് തോല്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് 41 റണ്‍സിനു നമീബിയയെ പരാജയപ്പെടുത്തി. മഴ ദീർഘനേരം മത്സരം തടസപ്പെടുത്തിയതോടെ പുറത്താകൽ ഭീഷണിയിലായിരുന്നു ഇംഗ്ലണ്ട്. ഒടുവിൽ 11 ഓവറാക്കി വെട്ടിചുരുക്കിയ മത്സരം വീണ്ടും മഴയെത്തിയതോടെ 10 ഓവറാക്കി മാറ്റി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പത്തോവറിൽ 122 റണ്‍സെടുത്തു. മറുപടിയിൽ നമീബിയയ്ക്ക് ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 126 റണ്‍സായിരുന്നു വിജയലക്ഷ്യം. പത്ത് ഓവറിൽ 84 റണ്‍സെടുക്കാനേ നമീബിയയ്ക്ക് കഴിഞ്ഞുള്ളൂ.
Source link