ഞെട്ടി, തിരിച്ചുവന്നു

ഡോർട്മുണ്ട്: കളി തുടങ്ങി സെക്കൻഡുകൾക്കുള്ളിൽ വീണ ഗോളിൽനിന്നു തിരിച്ചുവന്ന് ഇറ്റലി. യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ബിയിൽ ഇറ്റലി ഒന്നിനെതിരേ രണ്ടു ഗോളിന് അൽബേനിയയെ തോൽപ്പിച്ചു. അലസാൻഡ്രോ ബാസ്റ്റോണി (11’), നികോളോ ബരേല (16’) എന്നിവരാണ് ഇറ്റലിക്കായി വലകുലുക്കിയത്. ഡോർട്മുണ്ട് ബിവിബി സ്റ്റേഡിയത്തിൽ നിറഞ്ഞ പതിനായിരത്തിലേറെ അൽബേനിയുടെ ചുവന്ന ജഴ്സി ധരിച്ച ആരാധകരെ ആവേശത്തിലാറാടിച്ചും ഇറ്റാലിയൻ ആരാധകരെ ഞെട്ടിച്ച് കളി തുടങ്ങി 23 സെക്കൻഡിലെത്തിയപ്പോൾ നെദിം ബജ്റാമി ഇറ്റലിയുടെ വലകുലുക്കി. ഇറ്റാലിയൻ പ്രതിരോധതാരം ഫെഡറികോ ഡിമാർകോയുടെ ത്രോയിൽ വന്ന പിഴവാണു യൂറോ കപ്പിലെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളിനു വഴിയൊരുക്കിയത്. 2004ൽ റഷ്യയുടെ ദിമിത്രി കിരിചെങ്കോ ഗ്രീസിനെതിരേ 67 സെക്കൻഡിൽ നേടിയ ഗോളിന്റെ റിക്കാർഡാണു പഴങ്കഥയായത്. തുടക്കത്തിലേറ്റ ഞെട്ടലിൽനിന്ന് ഇറ്റലി വളരെ വേഗം തിരിച്ചുവന്നു. 11-ാം മിനിറ്റിൽ ബസ്റ്റോണിയുടെ ഹെഡറിലൂടെ ഇറ്റലി സമനില നേടി. ഇറ്റലിക്കു ലഭിച്ച കോർണറിൽനിന്ന് ലോറൻസോ പെല്ലിഗ്രിനി നൽകിയ ക്രോസിൽ തലവച്ച ബസ്റ്റോണി വലകുലുക്കി. ഇതോടെ ഇറ്റലി ആക്രമണം ശക്തമാക്കി. രണ്ടാം ഗോൾ വീഴാൻ അധികനേരം കാത്തിരിക്കേണ്ടിവന്നില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞ് അടുത്തഗോളും അൽബേനിയയുടെ വലയിൽ വീണു. അൽബേനിയൻ പെനാൽറ്റി ബോക്സിനുള്ളിൽ വേഗമേറിയ നീക്കത്തിനൊടുവിൽ പന്ത് ബോക്സിനു പുറത്തേക്കുവന്നു. അവിടെനിന്ന് ബരേലയുടെ തകർപ്പൻ ഷോട്ട് ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ തറച്ചു. പിന്നീട് ലീഡ് ഉയർത്താനുള്ള ഇറ്റലിയുടെ ശ്രമങ്ങൾ വിജയിച്ചില്ല. 23 സെക്കൻഡ് ഗോൾ ഇറ്റലിക്കെതിരേ അൽബേനിയയുടെ ഗോളെത്തിയത് കിക്കോഫ് നടത്തി 23 സെക്കൻഡിലെത്തിയപ്പോൾ. നെദിം ബജ് റാമിയാണ് ഗോൾ നേടിയത്. യൂറോപ്യൻ ചാന്പ്യൻഷിപ് ചരിത്രത്തിൽ ആദ്യ ഒരു മിനിറ്റിനുള്ളിൽ നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്. ഒരു പ്രമുഖ ടൂർണമെന്റിൽ ആദ്യ മിനിറ്റിനുള്ളിൽ രണ്ടാം തവണയാണ് ഇറ്റലി ഗോൾ വഴങ്ങുന്നത്.
Source link