തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സി.പി.എമ്മിൽ പഞ്ച ദിന അവലോകനം ഇന്നു മുതൽ, പാർട്ടിയിലും ഭരണത്തിലും അടിമുടി തിരുത്തലിന് നീക്കം

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചെന്ന് തുറന്ന് സമ്മതിക്കുന്നതിൽ സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർക്ക് ഏകസ്വരം. ജില്ലാ കമ്മിറ്റികളിലും അണികളിലും മാത്രമല്ല, ഇടതുപക്ഷ സഹയാത്രികർക്കിടയിലും സർക്കാർ നയങ്ങൾക്കെതിരെ നുരപൊന്തുന്ന വിമർശനം. തിരഞ്ഞെടുപ്പിലെ

കനത്ത തിരിച്ചടി വിലയിരുത്തുന്നതിനും തെറ്റുകൾ കണ്ടെത്തി തിരുത്തുന്നതിനും അഞ്ച് ദിവസത്തെ സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്നുതുടക്കം. ഇന്നുംനാളെയും സംസ്ഥാന സെക്രട്ടേറിയറ്റ്. 18,19,20 തിയതികളിൽ സംസ്ഥാന കമ്മിറ്റി.

ഭരണനേട്ടങ്ങൾ നിയമസഭയിൽ അക്കമിട്ട് നിരത്തി തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരായ വികാരം പ്രതിഫലിച്ചില്ലെന്ന് സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ശ്രമം രാഷ്ട്രീയമായി കാണാം. എന്നാൽ, പാർട്ടിയിലും സർക്കാരിലും ആഴത്തിലുള്ള തിരുത്തലുകളും നയംമാറ്റങ്ങളും അനിവാര്യമെന്ന വികാരമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാക്കുകളിൽ നിഴലിച്ചത്.

പാർട്ടി നേതാക്കളും കേഡർമാരും അഴിമതിയുടെയും ധന സമ്പാദനത്തിന്റെയും മുതലാളിത്ത മനോഭാവത്തിന്റെയും ദു:സ്വാധീനത്തിൽപ്പെടരുതെന്ന് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ചേർന്ന സി.പി.എം സംസ്ഥാന നേതൃയോഗം മുന്നറിയിപ്പ് നൽകിയിരുന്നു, കേഡർമാരിലേക്ക് അരിച്ചുകയറിയ അത്തരം ദുഷ്പ്രവണതകളും മുതലാളിത്ത സ്വാധീനവും തൂത്തെറിഞ്ഞ് പാർട്ടിയെ ശുദ്ധീകരിക്കുമെന്നാണ് ഗോവിന്ദന്റെ പരാമർശം. എല്ലാം തികഞ്ഞവരെന്ന് നമ്മൾ കരുതരുതെന്നും,തിരുത്തേണ്ടപ്പോൾ തിരുത്തണമെന്നുമുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മുന്നറിയിപ്പും ശ്രദ്ധേയമാണ്.

പ്രശ്നം ഭരണത്തിലെ നേതൃമാറ്റമല്ല

വിധിയെഴുത്ത് ഭരണതലത്തിലെ നേതൃമാറ്റമല്ല ആവശ്യപ്പെടുന്നതെന്നും, വേണ്ടത് പ്രവർത്തന ശൈലിയിലെ തിരുത്തലാണെന്നും രണ്ട് പാർട്ടി സെക്രട്ടറിമാരും എടുത്തു പറഞ്ഞിട്ടുണ്ട്. പിന്നാക്ക-പട്ടിക വിഭാഗങ്ങളെ സർക്കാർ പാടെഅവഗണിച്ചതാണ് തിരഞ്ഞെടുപ്പിലെ കനത്ത വീഴ്ചയ്ക്ക് കാരണമെന്ന് പറയുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ

സെക്രട്ടറി വെള്ളാപ്പള്ളി നടേശനാവട്ടെ,വീഴ്ചകളുടെ എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവയ്ക്കുന്നത് ഉചിതമല്ലെന്നും വ്യക്തമാക്കി.സി.പി.എമ്മിൽ താഴെത്തലം മുതലുള്ള നേതാക്കളുടേത് ജനങ്ങളിൽ നിന്ന്

അകന്നുള്ള പ്രവർത്തനവും ജീവിത ശൈലിയുമാണെന്ന വിമർശനമാണ് സമസ്തയുടെ മുഖപത്രം ഉന്നയിക്കുന്നത്.

ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞതും,പാർട്ടിയുടെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെയും പ്രവർത്തനശൈലി തിരുത്താതിരുന്നാൽ ബംഗാളിന്റെയും ത്രിപുരയുടെയും ഗതി വരുമെന്നാണ്. ഇതിലൊന്നും,മുഖ്യമന്ത്രിയുടെ മാറ്റം ആവശ്യപ്പെടുന്നില്ലെന്ന് മാത്രമല്ല,തിരുത്തലിന് തയ്യാറായാൽ ജനവിശ്വാസം വീണ്ടെടുത്ത് തിരികെ വരാനാകുമെന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിക്കുന്നു. ഇത്തരം വിമർശനങ്ങളെ സി.പി.എം എത്രമാത്രം സഹിഷ്ണുതയോടെയും സ്വയം വിമർശനപരമായും ഉൾക്കൊള്ളുമെന്നതാണ് ഉറ്റുനോക്കുന്ന വലിയ ചോദ്യം.


Source link

Exit mobile version