തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ. മുരളീധരൻ തൃശൂരിൽ തോറ്റതിന്റെ കാരണങ്ങളെപ്പറ്റി മൂന്നംഗസമിതി നാളെ അന്വേഷണമാരംഭിക്കും. മുൻ എം.എൽ.എ കെ.സി. ജോസഫ്,അഡ്വ.ടി. സിദ്ദിഖ് എം.എൽ.എ,ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ എന്നിവരടങ്ങുന്ന സമിതി തൃശൂരിലെത്തി പ്രഥമവിവരം ശേഖരിക്കും. ഡി.സി.സിയിലെ കൈയാങ്കളിയെ തുടർന്ന് പ്രസിഡന്റ് ജോസ് വള്ളൂർ രാജി വച്ചതിനാൽ ഇന്ന് പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ ചുമതലയേൽക്കും.
യു.ഡി.എഫ് തരംഗമുണ്ടായിട്ടും കോൺഗ്രസിന് അടിത്തറയുള്ള തൃശൂരിൽ മുരളീധരൻ മൂന്നാം സ്ഥാനത്തായത് കോൺഗ്രസിന് നാണക്കേടുണ്ടാക്കി. ഇതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ചുമതല. എല്ലാ വിഭാഗം നേതാക്കളുമായും പ്രവർത്തകരുമായും ചർച്ച നടത്തും. ഫലപ്രദമായ തിരഞ്ഞെടുപ്പ് കമ്മിറ്റികളോ ബൂത്ത് കമ്മിറ്റികളോ രൂപീകരിക്കാതെ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം പാലം വലിച്ചതാണ് മുരളീധരന്റെ തോൽവിക്ക് കാരണമെന്നും ആക്ഷേപവുമുണ്ട്. ഒരു നിയമസഭാ മണ്ഡലത്തിലെ എട്ടോളം സ്ഥലങ്ങളിൽ ബൂത്ത് കമ്മിറ്റി ഉണ്ടായിരുന്നില്ല. 250 ഓളം സ്ഥലങ്ങളിൽ ബൂത്ത് കമ്മിറ്റിയില്ലായിരുന്നുവെന്ന് മുരളീധരൻ വെളിപ്പെടുത്തിയതായി മുതിർന്ന നേതാക്കൾ പറഞ്ഞു. അതേസമയം,2023 കമ്മിറ്റികളുണ്ടാക്കിയെന്നാണ് ഔദ്യോഗികമായി കോൺഗ്രസ് അവകാശവാദം.
അന്വേഷണത്തിൽ
ആലത്തൂരും
യു.ഡി.എഫ് തരംഗമുണ്ടായിട്ടും ആലത്തൂരിൽ സിറ്റിംഗ് എം.പി രമ്യ ഹരിദാസ് തോറ്റതിനെ പറ്റിയും അന്വേഷിക്കും. എൽ.ഡി.എഫിൽ നിന്ന് 2019ൽ പിടിച്ചെടുത്ത മണ്ഡലമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഇവിടെ ബി.ജെ.പിക്ക് ഒരു ലക്ഷം വോട്ട് കൂടി. പ്രധാനമായും കോൺഗ്രസ് വോട്ടുകളിൽ ചോർച്ചയുണ്ടായി. രമ്യയോട് പർട്ടി നേതാക്കൾക്കുള്ള വിയോജിപ്പും തോൽവിക്കിടയാക്കി. പരാജയത്തിന്റെ ഉത്തരവാദിത്വം സ്ഥാനാർത്ഥിക്കാണെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ തുറന്നടിച്ചിരുന്നു.
കണ്ണൂരിലും വടകരയിലും ഫ്ളക്സ്
കണ്ണൂർ/വടകര: ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട കെ. മുരളിധരന് പിന്തുണയുമായി കണ്ണൂരിലും ഫള്ക്സും പോസ്റ്ററുകളും. കണ്ണൂർ നഗരത്തിലും തളിപ്പറമ്പിലുമാണ് ഫള്ക്സും പോസ്റ്ററും സ്ഥാപിച്ചത്. നയിക്കാൻ നായകൻ വരട്ടെയെന്നാണ് പോസ്റ്ററിലും ഫ്ളക്സിലുമുള്ളത്. കണ്ണൂർ സ്റ്റേഡിയം കോർണർ പരിസരത്തും തളിപ്പറമ്പിലെ കോൺഗ്രസ് ഓഫിസിന് സമീപവുമാണ് ഇന്നലെ രാവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്. ഫ്ളക്സുകൾ പിന്നീട് നീക്കം ചെയ്തു.
അതേസമയം, സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുകയാണെന്ന് പ്രഖ്യാപിച്ച കെ.മുരളീധരന് പിന്തുണയുമായി വടകരയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. വടകര പുതിയ പുതിയ ബസ് സ്റ്റാൻഡിലും പഴയ ബസ് സ്റ്റാൻഡിലുമാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
Source link