ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവ്: സുരേഷ് ഗോപി, കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവ്
തൃശൂർ: ഭാരതത്തിന്റെ മാതാവും ദീപസ്തംഭവുമാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതുപോലെ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ് ലീഡർ കെ.കരുണാകരൻ. ധീരനായ ഭരണകർത്താവാണ് അദ്ദേഹം. തൃശൂർ മുരളീമന്ദിരത്തിലെ കരുണാകരന്റെയും പത്‌നി കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ല. ശാരദ ടീച്ചറിന് മുൻപേ തനിക്ക് കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ. കരുണാകരന്റെ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ട്. ഒ.രാജഗോപാലിനാണ് അതിനോടടുത്തെങ്കിലും ചെയ്യാനായത്. ധീരനായ ഭരണകർത്താവ് എന്ന നിലയിൽ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്ര സഹമന്ത്രി എന്ന പദവിയിൽ ഇരുന്ന് ഗുരുത്വം നിർവഹിക്കാനാണെത്തിയത്.
രാഷ്ട്രീയഗുരുക്കന്മാരിൽ മുന്തിയ സ്ഥാനം വഹിച്ചവരിൽ ഒരാളാണ് ലീഡർ. അദ്ദേഹം തന്റെ രാഷ്ട്രീയപാതയിൽ അല്ലെങ്കിലും തനിക്ക് ഗുരുത്വം കൈമോശം വരാൻ പാടില്ല. ഇതിലൊന്നും രാഷ്ട്രീയമാനം കാണേണ്ടതില്ലെന്ന് പ്രവർത്തകർക്കും അറിയാം. 2019ൽ തൃശൂരിൽ സ്ഥാനാർത്ഥിയായ സമയത്ത് മുരളീ മന്ദിരത്തിൽ വന്നോട്ടെയെന്ന് പത്മജയോട് അപേക്ഷിച്ചിരുന്നു. എന്നാൽ അന്ന് പാടില്ല എന്നാണ് പത്മജ പറഞ്ഞത്. എന്റെ പാർട്ടിക്കാരോട് എന്തുപറയും എന്നാണ് അവർ ചോദിച്ചത്. ഇന്ന് കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്നാണ് എത്തിയത്. അത് കെ.മുരളീധരനോ മറ്റാർക്കെങ്കിലുമോ തടയാനാവില്ലെന്നും പറഞ്ഞു. കേന്ദ്ര മന്ത്രിയായശേഷം ആദ്യമായാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്.
’കെ റെയിൽ വേണ്ട’
കെ റെയിൽ വേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായം. പരിസ്ഥിതിയെ നശിപ്പിക്കുന്ന കെ റെയിൽ ജനദ്രോഹമാണ്. വികസനത്തിൽ പ്രാദേശികവാദം അനുവദിക്കില്ല.
ലൂർദ്ദ് മാതാവിന് സ്വർണ്ണക്കൊന്ത
സമർപ്പിച്ചുംപാട്ടു
പാടിയും സുരേഷ് ഗോപി
തൃശൂർ ലൂർദ്ദ് മാതാവിന് സ്വർണക്കൊന്തയും പൂമാലയും ചാർത്തിയും ക്രിസ്തീയ ഭക്തിഗാനമായ ’നന്ദിയാൽ പാടുന്നു ദൈവമേ’ ആലപിച്ചും കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദിയർപ്പിച്ചു. പള്ളി വികാരി ഫാ.ഡേവീസ് പുലിക്കോട്ടിലും ഇടവകാംഗങ്ങളും അദ്ദേഹത്തെ സ്വീകരിച്ചു. മാതാവിന്റെ രൂപത്തിന് മുന്നിലെത്തി തൊഴുതശേഷമാണ് ലോക്കറ്റിൽ കുരിശുള്ള സ്വർണ്ണക്കൊന്ത സമർപ്പിച്ചത്.
ലൂർദ്ദ് പള്ളിയിലെ ഭൂഗർഭ ആരാധനാ കേന്ദ്രമായ അടിപ്പള്ളിയിലെത്തി കുരിശുവരച്ച് തൊഴുതു. മുട്ടുകുത്തി നമസ്കരിച്ച ശേഷമാണ് ഗാനമാലപിച്ചത്. കഴിഞ്ഞ മാർച്ചിൽ, സുരേഷ് ഗോപി തന്നെ പാടി യൂ ട്യൂബിൽ റിലീസായ ഗാനമാണിത്. യേശുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ഗാനം സമൂഹമാദ്ധ്യമങ്ങളിൽ അന്നുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് മകളുടെ വിവാഹത്തോടനുബന്ധിച്ച് സുരേഷ് ഗോപി ലൂർദ്ദ് മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചിരുന്നു. സ്വർണക്കൊന്ത സമർപ്പിച്ചത് ഭക്തിപരമായ നിർവഹണത്തിന്റെ മുദ്രയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
Source link