പള്ളിയിൽ പ്രാർത്ഥിച്ച് പിതാവിന്റെ കല്ലറയിൽ പൂക്കളർപ്പിച്ച് ജോർജ് കുര്യൻ

കോട്ടയം: കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യവരവിൽ നമ്പ്യാകുളം സെന്റ് തോമസ് പള്ളിയിലെത്തി പ്രാർത്ഥിച്ചും നേർച്ചയിട്ടും പിതാവിന്റെ കല്ലറയിൽ പൂക്കളർപ്പിച്ചും ജോർജ് കുര്യൻ.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ജോർജ് കുര്യൻ കാണക്കാരി നമ്പ്യാകുളത്തെത്തിയത്. കോട്ടയത്ത് സ്വീകരണമുള്ളതിനാൽ എല്ലാം ധൃതിയിലായിരുന്നു. കാത്തുനിന്ന ഭാര്യ അന്നമ്മയെ നോക്കി ചിരിച്ചു. സ്വീകരിക്കാനെത്തിയ പാർട്ടിപ്രവർത്തകരേയും ബന്ധുക്കളേയും ചേർത്തുപിടിച്ചു. ബൊക്കെയുമായി ഇടവക വികാരിയും കന്യാസ്ത്രീകളുമെത്തി. എല്ലാവരോടും സ്നേഹാന്വേഷണമറിയിച്ച ശേഷം അന്നമ്മയ്ക്കൊപ്പം പള്ളിയിൽ കയറി പ്രാർത്ഥിച്ചു. നേർച്ചപ്പണമിട്ട് പുറത്തിറങ്ങിയ ശേഷം പിതാവ് ജോസഫ് കുര്യന്റെ കല്ലറയ്ക്കരികിൽ ഒരുനിമിഷം പ്രാർത്ഥന. തുടർന്ന് പാർട്ടിപ്രവർത്തകരുടെ അഭിവാദ്യാർപ്പണം.
എല്ലാവരുടെയും കൈകൾ പിടിച്ച് ചിരിച്ചു. ആർ.എസ്.എസ് കാര്യാലയത്തിലും ബി.ജെ.പി ഓഫീസിലും പോയി നേതാക്കളെ കണ്ടു. ഇതിന് ശേഷമായിരുന്നു കോട്ടയത്തെ സ്വീകരണ സമ്മേളനം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഹാരമണിയിച്ച് സ്വീകരിച്ചു.
വികസനത്തിനായി
യോജിച്ച് നീങ്ങും:
ജോർജ് കുര്യൻ
നെടുമ്പാശേരി: സംസ്ഥാനത്തിന്റെ വികസനത്തിനായി എല്ലാവരുമായും യോജിച്ച് മുന്നോട്ടു പോകുമെന്ന് കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ ജോർജ് കുര്യൻ പറഞ്ഞു. ജനങ്ങളുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും സംസാരിച്ചാകും വികസന കാര്യങ്ങളിൽ തീരുമാനമെടുക്കുക.
മുതലപ്പൊഴി വിഷയം വിശദമായി പരിശോധിക്കും. മത്സ്യത്തൊഴിലാളികളുടെയും വിദഗ്ദ്ധരുടെയും അഭിപ്രായം തേടും. സ്ഥലം സന്ദർശിക്കും. സംസ്ഥാന സർക്കാർ തയ്യാറാക്കുന്ന പദ്ധതി രേഖയും പരിശോധിച്ച് തീരുമാനമെടുക്കും. മന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രയ്ക്ക് അനുമതി നൽകാതിരുന്നത് കഴിഞ്ഞ കാര്യമാണ്. വിദേശകാര്യ വകുപ്പ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പറഞ്ഞു. താളമേളങ്ങളുടെ അകമ്പടിയോടെയാണ് ബി.ജെ.പി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്.
Source link