തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ദിരാഗാന്ധി രാഷ്ട്ര മാതാവാണെന്ന് പറഞ്ഞിട്ടില്ല. കോൺഗ്രസിന്റെ മാതാവാണെന്നാണ് പറഞ്ഞത്. പ്രയോഗത്തിൽ തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണെന്നാണ് ഞാൻ പറഞ്ഞത്. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് ഞാൻ പറഞ്ഞത്. ഭാരതം എന്നുപറയുമ്പോൾ മാതാവാണ്. ഇന്ദിരാ ഗാന്ധി എന്നത് ഹൃദയത്തിൽ വച്ചുകൊണ്ടാണ് പറഞ്ഞത്. അല്ലാതെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും രാഷ്ട്ര മാതാവ് ഇന്ദിരാ ഗാന്ധിയുമാണ് എന്നുപറയുന്ന വ്യംഗ്യം പോലും അതിലില്ല. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കോലാഹലങ്ങളൊന്നും ഞാൻ ശ്രദ്ധിച്ചില്ല. കാരണം വലിയ ഉത്തരവാദിത്തം എന്റെ തലയിലുണ്ട്. ഇങ്ങനെയുള്ള ഒരു കാര്യവും ഇനി ഞാൻ മുഖവിലയ്ക്ക് എടുക്കുകയോ ശ്രദ്ധിക്കുകയോ ഇല്ല’ സുരേഷ്‌ഗോപി പറഞ്ഞു. തന്റെ പ്രവർത്തനം തൃശൂരിൽ മാത്രം ഒതുങ്ങില്ലെന്നും തമിഴ്‌നാട്ടിലും തന്റെ ശ്രദ്ധയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ തൃശൂർ മുരളീമന്ദിരത്തിലെ കരുണാകരന്റെയും പത്‌നി കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇന്ദിരാഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതുപോലെ കെ കരുണാകരനെ കേരളത്തിന്റെ പിതാവായി കാണുന്നതെന്ന് സുരേഷ്‌ഗോപി പറഞ്ഞത്.
സുരേഷ്‌ഗോപി ഇന്നലെ പറഞ്ഞത്
‘ഭാരതത്തിന്റെ മാതാവും ദീപസ്തംഭവുമാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. അതുപോലെ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ് ലീഡർ കെ.കരുണാകരൻ. ധീരനായ ഭരണകർത്താവാണ് അദ്ദേഹം. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ല. ശാരദ ടീച്ചറിന് മുൻപേ തനിക്ക് കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ. കരുണാകരന്റെ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ട്. ഒ.രാജഗോപാലിനാണ് അതിനോടടുത്തെങ്കിലും ചെയ്യാനായത്. ധീരനായ ഭരണകർത്താവ് എന്ന നിലയിൽ കരുണാകരനോട് ആരാധനയുണ്ട്. കേന്ദ്ര സഹമന്ത്രി എന്ന പദവിയിൽ ഇരുന്ന് ഗുരുത്വം നിർവഹിക്കാനാണെത്തിയത്.
രാഷ്ട്രീയഗുരുക്കന്മാരിൽ മുന്തിയ സ്ഥാനം വഹിച്ചവരിൽ ഒരാളാണ് ലീഡർ. അദ്ദേഹം തന്റെ രാഷ്ട്രീയപാതയിൽ അല്ലെങ്കിലും തനിക്ക് ഗുരുത്വം കൈമോശം വരാൻ പാടില്ല. ഇതിലൊന്നും രാഷ്ട്രീയമാനം കാണേണ്ടതില്ലെന്ന് പ്രവർത്തകർക്കും അറിയാം. 2019ൽ തൃശൂരിൽ സ്ഥാനാർത്ഥിയായ സമയത്ത് മുരളീ മന്ദിരത്തിൽ വന്നോട്ടെയെന്ന് പത്മജയോട് അപേക്ഷിച്ചിരുന്നു. എന്നാൽ അന്ന് പാടില്ല എന്നാണ് പത്മജ പറഞ്ഞത്. എന്റെ പാർട്ടിക്കാരോട് എന്തുപറയും എന്നാണ് അവർ ചോദിച്ചത്. ഇന്ന് കേന്ദ്രമന്ത്രി എന്ന സ്ഥാനത്തിരുന്നാണ് എത്തിയത്. അത് കെ.മുരളീധരനോ മറ്റാർക്കെങ്കിലുമോ തടയാനാവില്ല.’
Source link