തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കസ്റ്റംസ് അംഗീകാരവും ലഭിച്ചു. ഇതുവഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും ഇതോടെ നിയമവിധേയമായി. ഈമാസം അവസാനത്തോടെ ട്രയൽ റൺ നടക്കും. കസ്റ്റംസ് ആക്ട് സെക്‌ഷൻ 7 എ അംഗീകാരമാണ് ലഭിച്ചത്. ഇനി സെക്‌ഷൻ 8, സെക്‌ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും പോർട്ട് കോഡുമാണ് ലഭിക്കാനുള്ളത്. ഇതിനുവേണ്ട സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നേരത്തേ അനുമതി നൽകിയിരുന്നു. ഓഫീസ് സൗകര്യം, കെട്ടിടങ്ങൾ. കംപ്യൂട്ടർ സംവിധാനം, മികച്ച സർവർ റൂം സംവിധാനം തുടങ്ങിയ 12 മാർഗനിർദ്ദേശങ്ങളാണ് കസ്റ്റംസ് നൽകിയിരുന്നത്. ഇതെല്ലാം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനായി.
തുറമുഖ നിർമ്മാണം 85 % പൂർത്തിയായി. റോഡ്, റെയിൽ പദ്ധതികളാണ് പൂർത്തിയാകാനുള്ളത്. ഏഴു കപ്പലുകളിലായി 31 ക്രെയിനുകൾ തുറമുഖത്ത് എത്തിച്ചു. 32 എണ്ണമാണ് വേണ്ടത്. സാങ്കേതിക കാരണങ്ങളാൽ വൈകിയ ക്രെയിൻ ഉടൻ എത്തിക്കും.
പ്രത്യേക വികസന മേഖലയ്ക്ക് 3000 കോടി
വിഴിഞ്ഞം തുറമുഖത്തിന് 50കിലോമീറ്റർ ചുറ്റളവിൽ 10,000 ഏക്കർ സ്ഥലം ഏറ്റെടുത്ത് സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അവിടെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന് സമാനമായി സ്‌പെഷ്യൽ ഡെവലപ്മെന്റ് സോൺ രൂപീകരിക്കും. കമ്പനികൾക്ക് നികുതി ആനുകൂല്യങ്ങളും സർക്കാർ ചെലവിൽ അടിസ്ഥാന സൗകര്യങ്ങളും നൽകും. ഇതിനായി 3000കോടി ചെലവിടും. കേരളത്തിലെ പ്രവാസി വ്യവസായികളുടെ സഹകരണത്തോടെ കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളും കൊണ്ടുവരും.
റിംഗ് റോഡും റെയിൽപാതയും
തുറമുഖത്തിന്റെ ഭാഗമായി ഔട്ടർ റിംഗ് റോഡിനും റെയിൽപാതയ്ക്കുമായി സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ 79 കിലോമീറ്റർ റിംഗ് റോഡിന് 1600 കോടിയാണ് ചെലവ്. വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 10.7 കിലോമീറ്റർ നീളമുള്ള റെയിൽപാതയ്ക്ക് 1060 കോടിയാണ് ചെലവ്.
കസ്റ്റംസ് അനുമതി ലഭിച്ചതോടെ വലിയ സാദ്ധ്യതയാണ് തുറക്കുന്നത്. ചരക്കുനീക്കത്തിൽ നിർണായക തുറമുഖമായി വിഴിഞ്ഞം മാറും
– മന്ത്രി വി.എൻ.വാസവൻ
Source link