KERALAMLATEST NEWS

പരിഭ്രാന്തി പരത്തി തൃശൂരിലും പാലക്കാട്ടും വീണ്ടും ഭൂചലനം: പ്രകമ്പനം പുലർച്ചെ 3.56 ന് 

തൃശൂർ:തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. പുലർച്ചെ 3.56നാണ് പ്രകമ്പനമുണ്ടായത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി, തൃത്താല, തിരുമിറ്റക്കോട് മേഖലകളിൽ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടു. ഇന്നലെ രാവിലെയും ഈ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.ഏതാനും സെക്കൻഡുകൾ മാത്രമാണ് ഇത് നീണ്ടുനിന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. വീണ്ടും ഭൂചലനം അനുഭവപ്പെട്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

തൃശൂരിലും പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലും ഇന്നലെ രാവിലെ 8.15ഓടെ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല. റിക്ടർ സ്‌കെയിലിൽ മൂന്നായിരുന്നു തീവ്രത രേഖപ്പെടുത്തിയത്. തൃശൂർ ചൊവ്വന്നൂരിൽ രാവിലെ 8.16നായിരുന്നു ഭൂചലനം. കുന്നംകുളം, ഗുരുവായൂർ, എരുമപ്പെട്ടി, പഴഞ്ഞി എന്നിവിടങ്ങളിൽ നാല് സെക്കൻഡ് നീണ്ടുനിന്നു.

തൃശൂർ കൂനംമൂച്ചി അന്തിക്കാട്ട് ടോമിയുടെ വീടിന്റെ ഭിത്തിക്കും തറയ്ക്കും നേരിയ വിള്ളലുണ്ടായി. വർക്ക് ഏരിയയിലാണ് വിള്ളൽ. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് മാറി. എരുമപ്പെട്ടി മേഖലയിൽ വീട്ടിലെ പാത്രങ്ങളും കട്ടിലും മറ്റും ചലിച്ചതായി നാട്ടുകാർ പറഞ്ഞു.

പാലക്കാട്ട് തൃത്താല നിയോജക മണ്ഡലത്തിലെ തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശ്ശേരി, കക്കാട്ടിരി, കോട്ടപ്പാടം, മതുപ്പുള്ളി, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം അനുഭവപ്പെട്ടിരുന്നു. വീടുകളുടെ ജനലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഭൂമിയിലെ ഫലക ചലനമാണിതെന്നും ഭയക്കേണ്ടതില്ലെന്നും മുമ്പും ചലനമുണ്ടായിട്ടുണ്ടെന്നുമാണ് ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാർഡസ് റിസ്‌ക് അനലിസ്റ്റ് ജി.എസ്.പ്രദീപ് പറയുന്നത്.


Source link

Related Articles

Back to top button