പരപ്പനങ്ങാടി : ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 63 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പരപ്പനങ്ങാടി എക്സൈസ് പിടികൂടി. മാത്തഞ്ചേരിമാട് സ്വദേശി ദീപേഷ് ആണ് പ്രതി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രജോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലയിൽ നിന്ന് വാങ്ങി പറമ്പിൽ പീടിക, വരപ്പാറ, പുകയൂർ, തോട്ടശ്ശേരിയറ എന്നിവിടങ്ങളിൽ അനധികൃത വില്പനയ്ക്ക് കൊണ്ടുവന്നതാണ് മദ്യം. പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പറമ്പിൽ പീടികയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെകർ പി.പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ ബിജു,വനിതാ സിവിൽ എക്സൈസ് ഓഫീസർ സിന്ധു എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതി ദീപേഷിന്റെ പേരിൽ നിരവധി അബ്കാരി കേസുകൾ നിലവിലുണ്ട്.
മറ്റൊരു സംഭവത്തിൽ, അട്ടപ്പാടിയിലേക്ക് മദ്യക്കടത്ത് നടത്തിയ രണ്ട് പേർ എക്സൈസിന്റെ പിടിയിലായി. മണ്ണാർക്കാട് ആനമൂളി ഫോറസ്റ്റ് ചെക്ക്പോസ്റ്റിന് സമീപത്ത് വച്ചാണ് ബൈക്കിൽ കൊണ്ടുവന്ന 48 ലിറ്റർ ജവാൻ മദ്യം പിടികൂടിയത്. രണ്ട് വലിയ ഷോൾഡർ ബാഗുകളിലായാണ് മദ്യം കൊണ്ടുവന്നത്.
മണ്ണാർക്കാട് കള്ളമല സ്വദേശി അബ്ദുൾ സലാം എന്നയാളെ സംഭവസ്ഥലത്തു വച്ചും മണലടി സ്വദേശി ഷബീർ എന്നയാളെ മണ്ണാർക്കാട് വച്ചും യഥാക്രമം ഒന്നും രണ്ടും പ്രതികളായി അറസ്റ്റ് ചെയ്തു .രാത്രി പത്ത് മണിയോടെ മണ്ണാർക്കാട് എക്സൈസ് ഇൻസ്പെക്ടർ വിനോജ് .വി .എ യും പാർട്ടിയും ചേർന്നാണ് കേസ് എടുത്തത്. ബിവറേജ് ഷോപ്പിൽ നിന്നും പല സമയങ്ങളിലായി വാങ്ങി സൂക്ഷിക്കുന്ന മദ്യം രാത്രികാലങ്ങളിലാണ് അട്ടപ്പാടിയിലേക്ക് കടത്തിയിരുന്നത്. എക്സൈസ് സംഘം വാഹന പരിശോധന നടത്തുന്നത് കണ്ട് നിർത്താതെ പോയ ഇരുചക്ര വാഹനത്തെ സാഹസികമായി പിന്തുടർന്നാണ് മദ്യം പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർ ഹംസ.എ, മോഹനൻ, സിവിൽ എക്സൈസ് ഓഫിസർ ശ്രീജേഷ്, എക്സൈസ് ഡ്രൈവർ അനീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Source link