ആലപ്പുഴ : വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഉൾപ്പെടെ കഞ്ചാവ് വില്പന നടത്തിവന്നയാൾ എക്സൈസിന്റെ പിടിയിൽ. ആലപ്പുഴ ചാരുംമൂട് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തക്കച്ചവടക്കാർക്കും ചില്ലറ വില്പനക്കാർക്കും വിതരണം ചെയ്തിരുന്ന നൂറനാട് പുതുപ്പള്ളികുന്നം ഖാൻ മൻസിലിൽ ഷൈജുഖാനാണ് (ഖാൻ നൂറനാട് ,41) നൂറനാട് എക്സൈസ് പിടികൂടിയത്.
നൂറനാട് എക്സൈസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഷൈജുഖാന്റെ വീട് വളഞ്ഞു നടത്തിയ പരിശോധനയിലാണ് ഒന്നരകിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്.
മാവേലിക്കര താലൂക്കിലെ വിവിധ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റു ചെറുപ്പക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ഷൈജുഖാനാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നതെന്ന് എക്സൈസ് പറഞ്ഞു. മാസങ്ങളായി എക്സൈസ് ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാൾ നിരവധി മയക്കുമരുന്ന് കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയാണ്.
മാസങ്ങൾക്ക് മുൻപ് ചാരുംമൂട് കേന്ദ്രീകരിച്ച് തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞ് കഞ്ചാവ് വില്പന നടത്തിയ ഇയാൾക്ക് എതിരെ എക്സൈസ് കേസെടുത്തിരുന്നു. തുടർന്ന് പഞ്ചായത്ത് ഇയാളുടെ കട പൊളിച്ച് നീക്കുകയും ചെയ്‌തിരുന്നു.
അതേസമയം ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 63 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കഴിഞ്ഞ ദിവസം പരപ്പനങ്ങാടി എക്സൈസ് പിടികൂടിയിരുന്നു. മാത്തഞ്ചേരിമാട് സ്വദേശി ദീപേഷ് ആണ് പ്രതി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രജോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലയിൽ നിന്ന് വാങ്ങി പറമ്പിൽ പീടിക, വരപ്പാറ, പുകയൂർ, തോട്ടശ്ശേരിയറ എന്നിവിടങ്ങളിൽ അനധികൃത വില്പനയ്ക്ക് കൊണ്ടുവന്നതാണ് മദ്യം. പട്രോളിങ്ങിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പറമ്പിൽ പീടികയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
Source link