108: ഗോളിൽ മെസി ലോക രണ്ടാമൻ

മെരിലാൻഡ് (അമേരിക്ക): രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളിൽ രണ്ടാം സ്ഥാനത്തെത്തി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. 2024 കോപ്പ അമേരിക്ക ഫുട്ബോൾ സന്നാഹമത്സരത്തിൽ ഗ്വാട്ടിമാലയ്ക്കെതിരേ ഇരട്ടഗോൾ നേടിയതോടെയാണ് മെസി ഈ നേട്ടത്തിലെത്തിയത്. ഇറാന്റെ മുൻ താരം അലി ദേയിക്ക് ഒപ്പം (108 ഗോൾ) രണ്ടാം സ്ഥാനം പങ്കിടുകയാണ് മെസി. പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (130 ഗോൾ) ഒന്നാം സ്ഥാനത്ത്. 4-1നാണ് അർജന്റീന ഗ്വാട്ടിമാലയെ തോൽപ്പിച്ചത്. മെസിക്കൊപ്പം ലൗതാരൊ മാർട്ടിനെസും ഇരട്ടഗോൾ സ്വന്തമാക്കി. 12, 77 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. 39 (പെനാൽറ്റി), 66 മിനിറ്റുകളിൽ ലൗതാരൊ മാർട്ടിനെസും വല കുലുക്കി. ഒരു ഗോൾ മെസിയുടെ അസിസ്റ്റിലായിരുന്നു. കോപ്പ അമേരിക്കയിൽ അർജന്റീനയുടെ ആദ്യമത്സരം കാനഡയ്ക്കെതിരേയാണ്. ജൂണ്‍ 21ന് ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് ഈ പോരാട്ടം. ഗ്രൂപ്പ് എയിൽ പെറു, ചിലി ടീമുകളും കാനഡയ്ക്കും അർജന്റീനയ്ക്കുമൊപ്പമുണ്ട്. യുഎസ്എയാണ് 2024 കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
Source link