KERALAMLATEST NEWS

പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം; രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ സത്യഭാമയ്‌ക്ക് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: ആർ എൽ വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശത്തിൽ നർത്തകി സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ് സി, എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന നിർദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്. സമാന കുറ്റകൃത്യം ഇനി ചെയ്യരുതെന്ന് കോടതി താക്കീത് നൽകുകയും ചെയ്‌തു.

സത്യം ഒരിക്കൽ പുറത്തുവരുമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും സത്യഭാമ പ്രതികരിച്ചു. ഇരയ്‌ക്കൊപ്പം നിൽക്കാത്ത വിധിയാണെന്നും ജാമ്യം നൽകിയതിനെ അംഗീകരിക്കാൻ കഴിയില്ലെന്നുമാണ്‌ രാമകൃഷ്ണന്റെ പ്രതികരണം.

നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻകൂർ ജാമ്യം തള്ളിയിരുന്നു. കീഴടങ്ങണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ഇതുപ്രകാരമാണ് അഡ്വ. ബി എ ആളൂരിനൊപ്പം നെടുമങ്ങാട് എസ് സി, എസ് ടി കോടതിയിലെത്തിയത്. ജാമ്യാപേക്ഷയിൽ വാദപ്രതിവാദം നടന്നു.

സത്യഭാമയ്ക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. കറുപ്പിനെ വെറുപ്പാണെന്ന് പറഞ്ഞത് ഒരു ചെറിയ കേസായി കാണാൻ കഴിയില്ലെന്ന് രാമകൃഷ്ണന്റെ അഭിഭാഷകൻ വാദിച്ചു. പ്രതി അദ്ധ്യാപികയാണ്, മകനെപ്പോലെ സംരക്ഷിക്കേണ്ടയാളാണ് ഇത്തരമൊരു പരാമർശം നടത്തിയത്. ജാമ്യം നൽകരുതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വാദിയെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്നും പ്രോസിക്യൂഷനും വാദിച്ചു. അഞ്ച് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നും അതിനാൽ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ആളൂരിന്റെ വാദം.

വിവാദ പരാമർശം മൂലം സ്വകാര്യ ജീവിതത്തിൽ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചു. വിദ്യാർത്ഥികളിൽ പലരും അകന്നുപോയെന്നും പ്രതിഭാഗം വാദിച്ചു.


Source link

Related Articles

Back to top button