റഷ്യയും ചൈനയുമില്ലാതെ യുക്രെയ്ൻ സമാധാന ഉച്ചകോടി

സൂറിച്ച്: യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതിന് റഷ്യക്കുമേൽ സമ്മർദം ചെലുത്താൻ ലക്ഷ്യമിട്ടുള്ള ആഗോള ഉച്ചകോടി സ്വിറ്റ്സർലൻഡിൽ ആരംഭിച്ചു. തൊണ്ണൂറോളം രാജ്യങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രതിനിധികളാണ് പങ്കെടുക്കുന്നത്. യുക്രെയ്ൻ വിഷയത്തിൽ ചേരുന്ന ഏറ്റവും വലിയ സമ്മേളനമാണിത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക രൂപരേഖ തയാറാക്കലാണ് പ്രഥാന ലക്ഷ്യം. അതേസമയം, റഷ്യക്ക് ക്ഷണമില്ലാത്തതും ചൈന പങ്കെടുക്കാത്തതും ഉച്ചകോടിയുടെ ഫലക്ഷമതയെക്കുറിച്ചു ചോദ്യങ്ങളുയർത്തുന്നു. ഇന്ത്യ, ഹംഗറി, തുർക്കി തുടങ്ങി റഷ്യയുമായി നല്ല ബന്ധം പുലർത്തുന്ന രാജ്യങ്ങൾ അപ്രധാന ഉദ്യോഗസ്ഥരെയാണ് ഉച്ചകോടിക്ക് അയച്ചിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരിട്ടു പങ്കെടുക്കുന്നില്ല, വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് അയച്ചിരിക്കുന്നത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ യുക്രെയ്ൻ സുഹൃദ് രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. യുക്രെയ്നെ സംബന്ധിച്ചിടത്തോളം റഷ്യക്കെതിരായ ലോകവികാരത്തിന്റെ പ്രതിഫലനമാണ് ഈ വന്പൻ സമ്മേളനം. യുക്രെയ്ൻ സേന യുദ്ധത്തിൽ പതറുന്ന പശ്ചാത്തലത്തിൽ റഷ്യക്കുമേൽ സമ്മർദം വർധിപ്പിക്കാൻ ഉച്ചകോടിക്കു കഴിയുമെന്നാണു പ്രതീക്ഷ. എന്നാൽ, ചൈന പങ്കെടുക്കാത്തത് വലിയ തിരിച്ചടിയായാണ് കരുതപെടുന്നത്. റഷ്യയെ ആഗോളതലത്തിൽ ഒറ്റപ്പെടുത്താനായി പാശ്ചാത്യശക്തികൾ മുന്പു നടത്തിയ നീക്കളെല്ലാം പൊളിഞ്ഞതും ചൈനയുടെ നിസഹകരണം മൂലമായിരുന്നു. ഇതിനിടെ, പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞദിവസം മുന്നോട്ടുവച്ച ഉപാധികൾ റഷ്യക്കുള്ള ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ്. യുക്രെയ്ൻ നാറ്റോ മോഹങ്ങൾ ഉപേക്ഷിച്ച് അധിനിവേശ പ്രദേശങ്ങൾ മുഴുവൻ റഷ്യക്കു വിട്ടു നല്കിയാൻ സമാധാനമുണ്ടാകുമെന്നാണ് പുടിൻ പറഞ്ഞത്. ഉച്ചകോടി ഇന്നവസാനിക്കും.
Source link