ചൈനയ്ക്കെതിരേ യുഎസിന്റെ വാക്സിൻ വിരുദ്ധ പ്രചാരണം
വാഷിംഗ്ടൺ ഡിസി: കോവിഡ് കാലത്ത് ചൈനയ്ക്കെതിരേ അമേരിക്കൻ സേന വാക്സിൻ വിരുദ്ധ പ്രചാരണം നടത്തിയതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഫിലിപ്പീൻസ് അടക്കമുള്ള രാജ്യങ്ങളിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നതു തടയാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയകളിൽ നൂറുകണക്കിനു വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചായിരുന്നു പ്രചാരണം. ചൈനയിൽ വികസിപ്പിച്ച വാക്സിനുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ഗുണനിലവാരമില്ലാത്തതാണെന്നു വരുത്തിത്തീർക്കാനാണ് യുഎസ് സേന ശ്രമിച്ചത്. ഡോണൾഡ് ട്രംപ് പ്രസിഡന്റായിരിക്കേ 2020ൽ ആരംഭിച്ച പദ്ധതി ജോ ബൈഡൻ പ്രസിഡന്റായ 2021 മധ്യം വരെ തുടർന്നു. ഫിലിപ്പീൻസിലാണ് ആദ്യം പദ്ധതി നടപ്പിലാക്കിയത്. ചൈന ഫിലിപ്പീൻസിനു നല്കിയ സിനോവാക് കോവിഡ് വാക്സിൻ, ഫേസ് മാസ്ക്, ടെസ്റ്റ് കിറ്റ് മുതലായവയ്ക്കു ഗുണനിലവാരമില്ലെന്ന് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ തുടങ്ങി. എക്സ് പ്ലാറ്റ്ഫോമിൽ മാത്രം യുഎസ് സേന ഫിലിപ്പീനികളുടെ പേരിൽ മുന്നൂറോളം വ്യാജ അക്കൗണ്ടുകൾ തുറന്നതായി റോയിട്ടേഴ്സ് കണ്ടെത്തി. എല്ലാ അക്കൗണ്ടുകളും 2020ൽ നിലവിൽ വന്നതാണ്. ഇതിനെക്കുറിച്ച് റോയിട്ടേഴ്സ് ആരാഞ്ഞതോടെ അക്കൗണ്ടുകൾ എക്സ് അധികൃതർ നീക്കംചെയ്തു. യുഎസ് സേന വാക്സിൻ വിരുദ്ധ പ്രചാരണം സെൻട്രൽ ഏഷ്യയിലേക്കും പശ്ചിമേഷ്യയിലേക്കു വ്യാപിപ്പിച്ചതായും കണ്ടെത്തി. ചൈനീസ് വാക്സിനിൽ പോർക്കിന്റെ ഘടകങ്ങളുള്ളതിനാൽ ഇസ്ലാമിനു നിഷിദ്ധമാണെന്ന പ്രചാരണമാണു നടത്തിയത്. കോവിഡ് ബാധിച്ച് ഓരോ ദിവസവും പതിനായിരങ്ങൾ മരിക്കുന്ന സമയത്തായിരുന്നു യുഎസ് മിലിട്ടറിയുടെ വ്യാജപ്രചാരണം.
Source link